ദില്ലി: യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന മംഗലാപുരം – ഗോവ വന്ദേഭാരത് കേരളത്തിലേക്ക് നീട്ടിയേക്കും. മംഗലാപുരത്തിന് പകരം കോഴിക്കോട് നിന്നും സർവ്വീസ് ആരംഭിക്കുന്ന രീതിയിൽ സർവ്വീസ് പുനരാരംഭിക്കാനാണ് ആലോചന. കൊങ്കൺ റൂട്ടിലെ കർണാടകയേയും ഗോവയേയും ബന്ധിപ്പിച്ചു കൊണ്ട് മംഗലാപരുത്ത് നിന്നും ഗോവയിലെ മഡ്ഗാവിലേക്ക് വന്ദേഭാരത് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. എന്നാൽ രാജ്യത്ത് നിലവിൽ സർവ്വീസ് നടത്തുന്ന 41 വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളിൽ ഏറ്റവും കുറവ് യാത്രക്കരുള്ള ട്രെയിനാണ് നിലവിൽ ഗോവ – മംഗളൂരു വന്ദേഭാരത്. വെറും 35 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യൂപൻസി റേറ്റ്.
തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ 200 ശതമാനത്തിന് മുകളിൽ ഒക്യുപെൻസി റേറ്റുള്ളപ്പോൾ ആണ് ഗോവ വന്ദേഭാരതിൻ്റെ ഈ ദുരവസ്ഥ. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകൾ നഷ്ടത്തിൽ ഓടിക്കാൻ റെയിൽവേയ്ക്ക് താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് ട്രെയിൻ കേരളത്തിലേക്ക് നീട്ടാനുള്ള ആലോചന റെയിൽവേ തുടങ്ങിയത്. കേരളത്തിൽ ട്രെയിൻ യാത്രക്കാരുടെ സംഘടനയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. പിന്നീട് റെയിൽവേ മന്ത്രി തന്നെ ഇക്കാര്യം പരിഗണനയിലാണെന്ന സൂചന നൽകി. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാൻ പികെ കൃഷ്ണദാസും റെയിൽവേ ടൈംടേബിൾ കമ്മിറ്റി ഈ ആവശ്യം പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം കോഴിക്കോട്ടേക്ക് വന്ദേഭാരത് നീട്ടുകയാണെങ്കിൽ മൂകാംബിക റോഡ് സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഒരു വിഭാഗം യാത്രക്കാർ ഉയർത്തുന്നുണ്ട്.
രാവിലെ 8.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.15-ന് മഡ്ഗാവിൽ എത്തും. മഡ്ഗാവിൽ നിന്ന് വൈകിട്ട് 6.10ന് തിരികെ പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരുവിലെത്തും. ഉഡുപ്പിയിലും കാർവാറിലുമാണ് നിലവിൽ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഈ സാഹചര്യത്തിൽ കോഴിക്കോട് നിന്നും പുലർച്ചെ അഞ്ചരയ്ക്ക് പുറപ്പെടുന്ന രീതിയിൽ സർവ്വീസ് പുനക്രമീകരിക്കാനാണ് റെയിൽവേയുടെ ആലോചന എന്നാണ് സൂചന. കാസർകോട് ഒഴിവാക്കി കണ്ണൂരിൽ മാത്രം സ്റ്റോപ്പ് നൽകിയാവും ട്രെയിൻ നീട്ടുക. എട്ടരയോടെ മംഗലാപുരത്ത് എത്തി നിലവിലെ സമയക്രമം പാലിച്ച് ഒന്നേകാലോടെ ഗോവയിലെത്തുകയും അവിടെ നിന്നും ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ കോഴിക്കോട് തിരിച്ചെത്തുകയും ചെയ്യുന്ന രീതിയിലുള്ള ഒരു ടൈംടേബിളാണ് നിലവിൽ പരിഗണനയിലുള്ളത്.
ഗോവ വന്ദേഭാരത് കൂടാതെ യാത്രക്കാർ വലിയ താത്പര്യം കാണിക്കാത്ത കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരതും കേരളത്തിലേക്ക് നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു. കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിലോടുന്ന ഉദയ് എക്സ്പ്രസ്സ് എന്ന ഡബിൾ ഡെക്കറിൻ്റെ ട്രെയിനിൻ്റെ സാന്നിധ്യമാണ് ഇതേ റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിൽ ആൾ കേറാതിരിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ബെംഗളൂരു- കോയമ്പത്തൂരു റൂട്ടിലെ വേഗമേറിയ ട്രെയിനായ ഉദയ് എക്സ്പ്രസ്സ് വന്ദേഭാരത് പുറപ്പെട്ട് 35 മിനിറ്റിന് ശേഷം കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്നുമാണ് പുറപ്പെടുന്നത്. വന്ദേഭാരത് ഹൊസ്സൂർ വഴി പോകുമ്പോൾ ഉദയ് എക്സ്പ്രസ്സ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവ്വീസ് നടത്തുന്നത്. ഉദയ് എക്സ്പ്രസ്സിൽ 180 രൂപയ്ക്ക് സെക്കൻഡ് ക്ലാസ്സ് ടിക്കറ്റ് ലഭിക്കുമ്പോൾ വന്ദേഭാരതിൽ ആയിരത്തിലേറെയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യൻ റെയിൽവേ ഓടിക്കുന്ന അപൂർവ്വം ഡബിൾ ഡെക്കർ ട്രെയിനുകളിൽ ഒന്നാണ് ഉദയ് എക്സ്പ്രസ്സ്.
ആളില്ലാത്ത സാഹചര്യത്തിൽ വന്ദേഭാരത് കോയമ്പത്തൂരിന് പകരം പാലക്കാട്ടേക്ക് നീട്ടണം എന്ന ആവശ്യം മലയാളി സംഘടനകൾ ഉയർത്തിയെങ്കിലും ഇക്കാര്യത്തിൽ റെയിൽവേയിൽ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. എന്നാൽ ഉദയ് എക്സ്പ്രസ്സ് പാലക്കാട്ടേക്ക് നീട്ടിയെന്ന തരത്തിൽ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ റെയിൽവേ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Goa-Mangaluru-Goa Vande Bharat Express