ഭുവന്വേശർ: ഒഡീഷയിലെ ബാലസോറിലുണ്ടായ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനീയറെ കാണാനില്ലെന്ന് വിവരം. റെയിൽവേയിലെ സിഗ്നൽ ജൂനിയർ എഞ്ചിനീയറായ അമീർഖാനെയാണ് കാണാതായത്.
ഇയാളുടെ വീട്ടുകാരെക്കുറിച്ചും വിവരമൊന്നും ലഭ്യമല്ലെന്നാണ് സൂചന. അമീർഖാനെ തേടി ഇയാളുടെ വാടക വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥർക്ക് വീട് അടച്ചു പൂട്ടിയതാണ് കാണാൻ സാധിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ വീട് സീൽ ചെയ്തു മടങ്ങി.
292 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് ശേഷം അമീർഖാനും കുടുംബവും വാടക വീട് വിട്ടു പോയെന്നാണ് നിഗമനം. അപകടം നടന്ന ബാഹനാഗ സ്റ്റേഷന മാസ്റ്റുടെ വീട്ടിൽ നേരത്തെ സിബിഐ പരിശോധന നടത്തിയിരുന്നു.
രണ്ട് സിബിഐ ഉദ്യോഗസ്ഥർ ഇയാളുടെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇയാളെ നേരത്തെ ഒരു തവണ സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.