ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ മലയാളി നഴ്സിന് നേരെ വംശീയ അതിക്രമം. ആക്രമണത്തിൽ പരിക്കേറ്റ മലയാളി നഴ്സ് ലീലാമ്മ ലാൽ അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ചികിത്സയിലാണ്. 67 വയസ്സുള്ള ലീലാമ്മയ്ക്ക് വെൻ്റിലേറ്റർ സഹായം ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് വിവരം. ആക്രമണത്തിൽ ഇവരുടെ മുഖത്തെ അസ്ഥികളെല്ലാം തകർന്നു. തലയ്ക്കും പരിക്കുണ്ട്.
33 വയസുകാരൻ സ്റ്റീഫൻ സ്കാൻ്റിൽബറി എന്ന യുഎസ് പൌരനാണ് ലീലാമ്മയെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഷർട്ടില്ലാതെ റോഡിലൂടെ ഇയാൾ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യക്കാർ മോശമാണെന്നും ഒരു ഇന്ത്യൻ ഡോക്ടറെ അടിച്ച് തീർത്തുവെന്നും ഇയാൾ പറഞ്ഞതായി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി.
എച്ച്സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിക് വാർഡിൽ ചികിത്സയിലായിരുന്നു സ്റ്റീഫൻ സ്കാൻ്റിൽബറി. ഇവിടെ വച്ചാണ് ഇയാൾ ആശുപത്രിയിലെ നഴ്സായ 67 വയസുകാരി ലീലാമ്മ ലാലിനെ ആക്രമിച്ചത്. ആക്രമണത്തിൽ ലീലാമ്മയ്ക്ക് ഗുരുതര പരിക്കുകളേറ്റു. മുഖത്താണ് കൂടുതൽ പരിക്ക് പറ്റിയത്. ശരീരത്തിലും ഒടിവുകളുമുണ്ട്.
ലീലാമ്മയെ ആക്രമിക്കുന്നതിനിടെ സ്റ്റീഫൻ നടത്തിയ വംശീയ പരാമർശങ്ങൾ സംബന്ധിച്ച് പോലീസ് ഓഫീസറായ ബെത്ത് ന്യൂകോമ്പ് കോടതിയിൽ മൊഴി നൽകി. പാം ബീച്ച് കൗണ്ടി കോർട്ട്ഹൗസിലാണ് ഇതുമായി കേസിൽ വാദം നടക്കുന്നത്. പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി ഇയാളെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. സെക്കൻഡ് ഡിഗ്രീ വധശ്രമത്തിനും വിദ്വേഷപ്രവർത്തനത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്റ്റീഫൻ സ്കാൻ്റിൽബറി ഷർട്ടില്ലാതെ ഇറങ്ങിയോടുകയായിരുന്നു എന്ന് ബെത്ത് ന്യൂകോമ്പ് കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാൾക്ക് ഷർട്ടോ ചെരിപ്പോ ഇല്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു.
അക്രമത്തെ അപലപിച്ചും ലീലാമ്മയെ പിന്തുണച്ചും നിരവധി പേർ ഇതിനോടകം രംഗത്ത് എത്തി. ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇത്തരം അതിക്രമങ്ങൾ നടത്തുവർക്ക് എതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഓണ്ലൈൻ പെറ്റീഷനിൽ ഇതിനോടകം പതിനായിരം പേരാണ് ഒപ്പിട്ടത്. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമങ്ങളില്ലെന്നത് ആശങ്കയാണെന്ന് സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പറഞ്ഞു.
കോടതിയിൽ നടന്ന വാദത്തിനിടെ ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ മൊഴിയും കോടതി പരിശോധിച്ചു. ചികിത്സയിലുള്ള വാർഡിൽ നിന്നും പുറത്തു ചാടിയ പ്രതി രണ്ട് മിനിറ്റ് കൊണ്ടാണ് ഡോക്ടറെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
അതേസമയം പ്രതി സ്റ്റീഫൻ സ്കാൻറ്റിൽബറിയെ ജയിലിലേക്ക് മാറ്റുന്നതിനെ അദ്ദേഹത്തിൻ്റെ അഭിഭാഷകനും കുടുംബവും എതിർത്തു. സ്കാൻറ്റിൽബെറിക്ക് മാനിസക പ്രശ്നങ്ങളുണ്ടെന്ന നിലപാടാണ് ഇവർ കോടതിയിൽ സ്വീകരിച്ചത്. മാനസികാരോഗ്യ സഹായം ലഭിക്കുന്നതിനായി കക്ഷിയെ മറ്റൊരിടത്തേക്ക് മാറ്റാൻ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.ഭ ർത്താവിനെ ജയിൽ സെല്ലിലേക്ക് മാറ്റുന്നതിനുപകരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സ്കാൻറ്റിൽബറിയുടെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും നിലപാട് സ്വീകരിച്ചു.
സമാനതകളില്ലാതെ ക്രൂരതയാണ് തൻ്റെ അമ്മയ്ക്ക് നേരിടേണ്ടി വന്നതെന്ന് ലീലാമ്മ ലാലിൻ്റെ മകളും ഡോക്ടറുമായ സിൻഡി ജോസഫ് പറഞ്ഞു. ആക്രമണത്തിൽ അമ്മയുടെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. രക്തസ്രവം ഉണ്ടായി. മുഖത്തിൻ്റെ വലത്തേ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. വലത്തേ തോളെല്ലും പൊട്ടി. മാരക ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട അമ്മയെ നേരിൽ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാൻ പോലും സാധിച്ചില്ല അവരുടെ മുഖമാകെ മുറിഞ്ഞും നീരുവന്നും വീർത്ത അവസ്ഥയിലായിരുന്നു. തൻ്റെ അമ്മ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപവും ആക്രമണവും തന്നെ തകർത്തു കളഞ്ഞുവെന്നും അമേരിക്ക മാധ്യമങ്ങളോട് സിൻഡി പറഞ്ഞു.