തകർപ്പൻ ജയത്തോടെ പോര്‍ച്ചുഗലും ബ്രസീലും ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി. സ്വിറ്റ്സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയാണ് ബ്രസീല്‍ അവസാന പതിനാറിലെത്തിയത്. ഉറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലെത്തി. കാസെമിറോ ആണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗലിന്റെ രണ്ട് ഗോളുകളും നേടിയത് ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു.
മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയെ അട്ടിമറിച്ചു. 3-2 നായിരുന്നു ഘാനയുടെ വിജയം. ഘാനയ്ക്കുവേണ്ടി മുഹമ്മദ് കുഡുസ് (34, 68) ഇരട്ടഗോള്‍ നേടി. മുഹമ്മദ് സാലിസു (24) ആദ്യഗോള്‍ നേടി. കൊറിയയുടെ ഗോളുകള്‍ ചോ ഗ്യു-സങ്ങിന്റെ (58, 61) വകയായിരുന്നു.
സെര്‍ബിയയെ കാമറൂണ്‍ സമനിലയില്‍ (3-3) തളച്ചു. കാമറൂണിനുവേണ്ടി ജീന്‍ ചാള്‍സ് സാസ്റ്റെല്ലെട്ടൊ (29), വിന്‍സെന്റ് അബൂബക്കര്‍ (63), എറിക് മാക്സിം ചൗപൊ മോട്ടിങ് (66) എന്നിവര്‍ സ്കോര്‍ചെയ്തു. സ്ട്രാഹിന പാവ്ലോവിച്ച് (45+1), സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ച് (45+3), അലക്സാണ്ടര്‍ മിട്രോവിച്ച് (53) എന്നിവര്‍ സെര്‍ബിയയുടെ ഗോളുകള്‍ നേടി.