ഫിഫ ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകർക്കായി പൈതൃകക്കാഴ്ചകളൊരുക്കി ഖത്തറിലെ സാംസ്കാരിക കേന്ദ്രങ്ങൾ. മത്സരങ്ങൾ കാണുന്നതിനോടൊപ്പം ഫുട്ബോൾ പ്രേമികൾക്ക് കത്താറ കൾചറൽ വില്ലേജ്, അൽ സുബാറ ഫോർട്ട്, വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫ് എന്നിവിടങ്ങളിലെ കാഴ്ചയും ആസ്വദിക്കാം.
കത്താറ പൈതൃക ഗ്രാമം
നിരവധി ആർട്ട് ഗാലറികൾ, വർക്ക് ഷോപ്പുകൾ, എക്സിബിഷൻ ഏരിയകൾ, പെർഫോമൻസ് ഏരിയകൾ എന്നിവയുള്ള കത്താറ കൾചറൽ വില്ലേജ് കലാകാരന്മാരുടെ സങ്കേതമാണ്. കൂടാതെ 35 ലധികം റസ്റ്ററന്റുകളും മ്യൂസിയം ഗാലറികളും ഷോപ്പിംഗ് മാളുകളും ബീച്ചും കത്താറ ഗ്രാമത്തിലുണ്ട്. ദോഹ മെട്രോയുടെ റെഡ് ലൈനിലൂടെ നേരിട്ട് കത്താറ മെട്രോ സ്റ്റേഷനിലിറങ്ങിയാൽ കത്താറയിൽ പ്രവേശിക്കാം.
സുബാറ ഫോർട്ട്
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഖത്തറിലെ സുബാറ ഫോർട്ട് ആണ് മറ്റൊരു ആകർഷണം. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച പുരാതനകാലത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു സുബാറ. 18–19 നൂറ്റാണ്ടിനിടയിൽ കണ്ടെത്തിയതാണ് ഈ കോട്ട. ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് സന്ദർശന സമയം.
സൂഖ് വാഖിഫ്
നൂറു വർഷത്തിലധികം പഴക്കമുള്ള കാഴ്ചകൾ നിറഞ്ഞ ഖത്തറിലെ പുരാതന വിപണന കേന്ദ്രമാണ് സൂഖ് വാഖിഫ്. 60 ലേറെ റസ്റ്ററന്റുകൾ, 40 ലേറെ ജ്വല്ലറി ഷോപ്പുകൾ, പരമ്പരാഗത ഉൽപന്നങ്ങൾ എന്നിവയുള്ള ഇടമാണ് സൂഖ് വാഖിഫ്. ദോഹ മെട്രോയിലെ ഗോൾഡ് ലൈനിലൂടെ സൂഖ് വാഖിഫിലെ മെട്രോ സ്റ്റേഷനിൽ എത്താം. മറ്റ് ടാക്സി, ബസ് സൗകര്യങ്ങളും ലഭ്യമാണ്.