ദോഹ: അൽ ഉല കരാറിന്റെയും അടിസ്ഥാനത്തിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് ഖത്തറും യുഎഇയും. ദോഹയിലെ എംബസി പുനരാരംഭിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും പുനസ്ഥാപിക്കുമെന്ന് ഖത്തറും പ്രഖ്യാപിച്ചു. രണ്ട് സഹോദരരാഷ്ട്രങ്ങളും ഒന്നിച്ചു നിൽക്കുമെന്നും അറബ് രാജ്യങ്ങളുടെ ഐക്യപ്പെടലിനായി ഒന്നിച്ച് മുന്നോട്ട് നീങ്ങുമെന്നും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്. സൌദി അറേബ്യ,യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്നാണ് 2017-ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം 2021 ജനുവരിയിൽ പിൻവലിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ പൂർണതോതിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ പിന്നെയും വൈകി.
ഇറാനും സൌദി അറേബ്യയും ഭിന്നതകൾ പരിഹരിച്ച് സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നത്. ഖത്തറും ബഹറൈനും ഏപ്രിലിൽ ബന്ധം ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന അറബ് ലീഗ് സമ്മേളനത്തിലേക്ക് 12 വർഷത്തിന് ശേഷം സിറിയയെ ക്ഷണിക്കുക വഴി ആ രാജ്യവുമായുള്ള ഭിന്നത തീർക്കാനുള്ള നിർണായക ചുവടുവയ്പ്് സൌദി നടത്തിയിരുന്നു.