മലപ്പുറം: എൽഡിഎഫ് വിട്ട് എംഎൽഎ പദവി രാജിവച്ച പി.വി അൻവർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര യാത്രയിൽ പങ്കെടുത്തത് യുഡിഎഫിനുള്ളിൽ ഉയർന്ന ശക്തമായ എതിർപ്പ് മറികടന്ന്.
മലപ്പുറം ജില്ലയിലെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളും ഒരു മുസ്ലീം ലീഗ് എംഎൽഎയും അൻവർ യു.ഡി.എഫ് വേദിയിൽ വരുന്നതിനെ ശക്തമായി എതിർത്തു. എ.പി അനിൽ കുമാറും ആര്യാടൻ ഷൌക്കത്തുമാണ് ഏറ്റവും ശക്തമായി അൻവറുമായി സഹകരിക്കുന്നതിനെ കോണ്ഗ്രസിന് അകത്ത് എതിർത്തത്.
ഏറനാട് എംഎൽഎ പി.കെ ബഷീറാണ് മുസ്ലീം ലീഗിനകത്ത് അൻവറുമായി സഹകരിക്കുന്നതിനെ എതിർത്തത്. മലപ്പുറം ജില്ലാ കോണ്ഗ്രസ് അധ്യക്ഷൻ വി.എസ് ജോയ് ഇക്കാര്യത്തിൽ കൃത്യമായൊരു നിലപാട് എടുത്തില്ല.
മലയോര യാത്ര നിലമ്പൂരിൽ എത്തുമ്പോൾ അതിൽ ചേരാനുള്ള ആഗ്രഹം പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരിൽ കണ്ടാണ് പി.വി അൻവർ അറിയിച്ചത്. യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും എന്നായിരുന്നു അൻവറിന് സതീശൻ നൽകിയ മറുപടി. കെ.സി വേണുഗോപാൽ, കെ.സുധാകരൻ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ തുടങ്ങി യു.ഡി.എഫിലെ പ്രധാന നേതാക്കളെല്ലാം അൻവറുമായി സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.
സർക്കാർ വിരുദ്ധരുടെ പിന്തുണയുള്ള അൻവറിനെ മാറ്റി നിർത്തുന്നത് തെറ്റായ രാഷ്ട്രീയ നീക്കമായിരിക്കും എന്ന നിലപാടായിരുന്നു ഇവർക്ക്. ഇതോടെയാണ് മലയോര ജാഥയുടെ വേദിയിലേക്ക് അൻവറിന് വഴി തുറന്നത്. ആദ്യഘട്ടത്തിൽ അൻവറിനോട് വലിയ താത്പര്യം കാണിക്കാതിരുന്ന പ്രതിപക്ഷ നേതാവും ഇപ്പോൾ നിലപാട് മയപ്പെടുത്തി. മലപ്പുറം രാഷ്ട്രീയത്തിൽ അൻവർ തങ്ങൾക്ക് വെല്ലുവിളിയായി മാറുമോ എന്നതാണ് കോണ്ഗ്രസ് – ലീഗ് നേതാക്കളുടെ എതിർപ്പിന് കാരണമെന്നാണ് സൂചന. നേരത്തെ മുസ്ലീം ലീഗ് നിലമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ മുത്തേടത്തിൻ്റെ ക്ഷണം സ്വീകരിച്ച് അൻവർ പങ്കെടുത്തിരുന്നു.