കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനി ബാക്കിയുള്ള വീടുകളിൽ ആളുകളെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ദുരന്തഭൂമിയിൽ വിശദമായ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള പ്രദേശത്താണ് ഇന്ന് കേന്ദ്ര ഭൗമശാസ്ത്രസംഘം പരിശോധന നടത്തിയത്. പ്രദേശത്ത് ഇതിനു മുൻപ് മൂന്ന് തവണയെങ്കിലും സമാനമായ രീതിയിൽ ഇത്ര ശക്തമല്ലാത്ത ഉരുൾപൊട്ടലുണ്ടായെന്നാണ് ഇവരുടെ വിലയിരുത്തൽ.
അപകടമേഖലയിലുള്ള ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. എന്നാൽ ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോൺ മത്തായി വ്യക്തമാക്കി.
അതിശക്തമായ മഴയാണ് ഉരുൾപൊട്ടൽ മേഖലയിൽ ഉണ്ടായത്. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റർ മഴയുണ്ടായെന്നാണ് വിദഗ്ധ സംഘത്തിൻ്റെ കണക്ക്. ആദ്യത്തെ ഉരുൾപൊട്ടലിന് ശേഷം സീതമ്മക്കുണ്ടിൽ ഒലിച്ചെത്തിയ മരങ്ങളും പാറക്കല്ലുകളും ചേർന്ന് ഒരു തടയണ പോലെ രൂപപ്പെട്ടു. ഇവിടെ വൻ തോതിൽ വെള്ളവും മണ്ണും കെട്ടിക്കിടന്നിരുന്നു. പുലർച്ചെ രണ്ടാമത്തെയുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളത്തിൽ ഈ താത്കാലിക തടയണ തകരുകയും താഴെഭാഗത്തേക്ക് കൂടുതൽ ശക്തിയോടെ കുതിച്ചെത്തുകയും ചെയ്തതാണ് അപകടം ഭീകരമായി മാറാൻ കാരണമെന്നും ജോൺ മത്തായി വിശദീകരിക്കുന്നു. ഏതാണ്ട
വനപ്രദേശത്താണ് ഉരുൾപൊട്ടലുണ്ടയാത് എന്നത് കൊണ്ടാണ് അത്രയും മരങ്ങളും പാറകളും താഴേക്ക് കുതിച്ചെത്തിയത്. ഇതെല്ലാം കൂടി കെട്ടിക്കിടന്നതും പിന്നീട് അതേ സ്ഥലത്തേക്ക് വീണ്ടും ഉരുൾപൊട്ടലുണ്ടായതും അപകടവ്യാപ്തി കൂട്ടി. സാധാരണയിലും പല മടങ്ങ് ദൂരം അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത് ഈ ഡാം എഫക്ട് കാരണമാണ്. ഏതാണ്ട് എട്ട് കിലോമീറ്റർ നീളത്തിലാണ് ഇവിടെ മലവെള്ളപ്പാച്ചിലുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.