കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതിയെ സുപ്രീം കോടതി ശക്തമായി വിമർശിച്ചു. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നടത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും നീണ്ട വിസ്താരം നടന്നത് എന്നും ഇതെങ്ങനെ വിചാരണ കോടതി അനുവദിച്ചു എന്നും സുപ്രീം കോടതി വാദം കേൾക്കലിനിടെ ചോദിച്ചു.2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്.
നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.