വയനാട് ചാലിഗദ്ദയില്‍ കാട്ടാന കൊലപ്പെടുത്തിയ 47കാരനായ അജീഷിന്റെ മൃതദേഹവുമായി നഗരത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍. മാനന്തവാടിയിലേക്ക് ഉള്ള പ്രധാന റോഡുകള്‍ ഉപരോധിച്ചുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം. നേരത്തെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല.
വയനാട് എസ്പി ടി നാരായണനെതിരെ പ്രതിഷേധമുണ്ടായി. എസ്പിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. എസ്പിയോട് ആശുപത്രിയിലേക്ക് നടന്നുപോകാനാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഗോബാക്ക് വിളികളും ഇതിനൊപ്പം ഉയര്‍ന്നു.
മതില്പൊളിച്ചെത്തിയ ആ വീട്ടുമുറ്റത്ത് വെച്ചാണ് അജീഷിനെ കൊലപ്പെടുത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമണം നടത്തിയത്. ആന മതിലും ഗേറ്റു തകര്‍ത്ത് അകത്ത് വന്നാണ് ആന ഓടുന്നതിനിടയില്‍ വീണ അജീഷിനെ ചവിട്ടിയ ശേഷം കടന്നു പോയത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ട അജീഷ്.
. ആക്രമിച്ച് കൊലപ്പെടുത്തിയ ആനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. എന്നാല്‍ ആനയെ ട്രാക്ക് ചെയ്യാനുള്ള ആന്റിനയും റസീവറും കര്‍ണാടക കൈമാറിയില്ല. റേഡിയോ കോളര്‍ ഐഡി ഉപയോഗിച്ചാണ് നിലവില്‍ ട്രാക്കിങ്ങ് നടത്തി വന്നത്. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.