അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസിക്ക് 23 മില്യൺ ദിർഹം. ഖത്തറിലുള്ള നേപ്പാളി സ്വദേശി രഞ്ജിത് കുമാറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ജനുവരി 16ന് വാങ്ങിയ 232936 എന്ന നമ്പർ ടിക്കറ്റിലാണ് സമ്മാനം. ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ’ എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിലൂടെ രഞ്ജിത്തിനെ ഭാഗ്യം തേടി എത്തുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി ദോഹയിൽ താമസിക്കുന്ന അദ്ദേഹം ഒരു മണി എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്യുകയാണ്. അപ്രതീക്ഷിതമായെത്തിയ ഭാഗ്യത്തിൽ സന്തോഷവാനാണെന്നും ഈ പണം നേപ്പാളിലെ തന്റെ കുടുംബത്തിനായി ചെലവഴിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.
“ഞാൻ ത്രില്ലിലാണ്. ഈ പണം നേപ്പാളിലെ എന്റെ കുടുംബത്തിനായി ചെലവഴിക്കും. കഴിഞ്ഞ 15 മാസമായി ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. ഇനിയും ഭാഗ്യം പരീക്ഷണം തുടരും”. രഞ്ജിത്ത് വ്യക്തമാക്കി.
നറുക്കെടുപ്പിൽ, മറ്റ് പണവും സ്വപ്ന കാർ സമ്മാനങ്ങളും ഇന്ത്യൻ പൗരന്മാർ നേടി. വിജേഷ് വിശ്വനാഥൻ (1 ദശലക്ഷം ദിർഹം), ഷിബു മാത്യു (100,000 ദിർഹം), അജിത് രാമചന്ദ്രകൈമൾ (50,000 ദിർഹം) എന്നിവർ രണ്ടും മൂന്നും നാലും സമ്മാനങ്ങൾ നേടി, സുമൻ മുത്തയ്യ നാടാർ രാഘവൻ ഒരു പുതിയ റേഞ്ച് റോവർ സ്വന്തമാക്കി.