തൃശ്ശൂർ:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ,കാലത്തിനൊത്ത് മാറാതെ പറ്റില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സ്വകാര്യ സർവകലാശാലാ കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല.
എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവ്വകലാശാലയെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിന് മാറിനിൽക്കാനാവില്ല. സിപിഐയുടേത് എതിർപ്പല്ല, അവരുടെ അഭിപ്രായം ഉണ്ടായിരുന്നു. ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയിൽ എത്തുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദ്ദേശത്തിൽ സിപിഐ വിയോജിച്ചു. ഇന്നത്തെ കാലത്ത് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാൻ കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.