മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണസംഖ്യ ഉയരാൻ സാധ്യത. നിലവിൽ 16 മൃതദേഹങ്ങളാണ് വിവിധ ആശുപത്രികളിലുള്ളതെങ്കിലും അപകടത്തിൽപ്പെട്ട ബോട്ട് ഉയർത്തി പരിശോധിച്ചപ്പോൾ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. താനൂർ കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻൻ്റെ മൃതദേഹമാണ് ഇതെന്നാണ് വിവരം. മരണസംഖ്യ ഇരുപത് കടന്നേക്കാം എന്ന ആശങ്ക സ്ഥലത്തുള്ള രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പ്രദേശവാസികളിൽ ചിലർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോട്ട് തകർന്നതും അഴിമുഖത്തെ അടിഞ്ഞു കൂടിയ ചെളിയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.
തീരത്ത് നിന്നും ഇരുന്നൂറ് മീറ്റർ മാറിയാണ് അപകടം സംഭവിച്ചിരിക്കുന്നത്. രണ്ട് ക്രെയിനുകൾ സ്ഥലത്ത് എത്തിച്ചത് ബോട്ട് കരയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ബോട്ട് നെടുകെ പിളർന്നു പിന്നീട് പരമാവധി രക്ഷാപ്രവർത്തകർ പൊഴിമുഖത്തേക്ക് ഇറങ്ങി ബോട്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തുകയാണ്.
അതേസമയം താനൂർ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. കേരളത്തിലെ മലപ്പുറത്ത് ബോട്ട് അപകടത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മരണപ്പെട്ടവരുടെ ഉറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കുന്നു – പ്രധാനമത്രി ട്വിറ്ററിൽ കുറിച്ചു.
താനൂർ ബോട്ടപകടത്തിൻ്റെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരായ മുഹമ്മദ് റിയാസിനേയും അബ്ദുൾ റഹ്മാനേയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നാളെ താനൂരിലെത്തും. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. താലൂക്ക് അദാലത്ത് അടക്കം എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചു.