ദില്ലി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭ പാസ്സാക്കിയ വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതോടെ രാജ്യത്ത് വനിതാസംവരണം യഥാർത്ഥ്യമായി. രാഷ്ട്രപതി ദ്രൌപദി മുർമു ഒപ്പിട്ടതോടെ ബില്ല് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ബില്ലിൻമേൽ രാഷ്ട്രപതി ഭവൻ്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തു വരുന്നതോടെ വനിതാ സംവരണ നിയമം രാജ്യത്ത് നടപ്പാവും.
നേരത്തെ രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. നേരത്തെ ലോക്സഭയിലും ബിൽ പാസായിരുന്നു. അതേസമയം ബിൽ നിയമമായി മാറിയെങ്കിലും നടപ്പിലാവാൻ സമയമെടുക്കും. പത്ത് വർഷത്തെ ഇടവേളയിൽ നടക്കുന്ന സെൻസസ് (കാനേഷ്കുമാരി) മൂന്ന് വർഷമായി മുടങ്ങി കിടക്കുകയാണ്. 2011-ലാണ് രാജ്യത്ത് ഒടുവിൽ സെൻസസ് നടന്നത്. പത്ത് വർഷത്തിന് ശേഷം 2021ലാായിരുന്നു സെൻസസ് നടക്കേണ്ടിയിരുന്നത്.
എന്നാൽ കൊവിഡ്, പൗരത്വബിൽ പ്രതിഷേധം എന്നിവ കാരണം സെൻസസ് വൈകി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിന് കീഴിൽ സെൻസസ് പൂർത്തിയാക്കും എന്നാണ് വനിതാ സംവരണ ബിൽ അവതരിപ്പിക്കുമ്പോൾ അമിത്ഷാ പറഞ്ഞിരുന്നു. സെൻസസിന് ശേഷം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തും. ഇതിനു ശേഷം 2029 ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാസംവരണം നിലവിൽ വരുന്ന തരത്തിലാണ് ബിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.