റിയാദ്: സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി പ്രവാസി ഉറക്കത്തിനിടെ മരണപ്പെട്ടു. ഖസീം ഉനൈസയിലെ സലഹിയ്യയിലാണ് കൊല്ലം സ്വദേശിയായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ മകൻ കണ്ണനാണ് വെള്ളിയാഴ്ച രാത്രി ഉറക്കത്തിനിടെ നിര്യാതനായത്. 44 വയസ്സായിരുന്നു.
ടൈൽസ് ജോലികളുടെ കരാറുകാരനായി പ്രവർത്തിച്ചു വരികയായിരുന്നു കണ്ണൻ. 12 വർഷമായി ഇവിടെയുള്ള കണ്ണൻ്റെ കുടുംബം അടുത്തകാലം വരെ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാട്ടിലുള്ള ഭാര്യയെ ഫോണിൽ വിളിച്ച കണ്ണൻ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ഗുളിക കഴിച്ച് കിടക്കുകയാണെന്നും തിരികെ വിളിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു.
എന്നാൽ അടുത്ത രാവിലെ കണ്ണനെ പുറത്ത് കാണാത്തതിനെ തുടർന്ന് ഒപ്പം താമസിച്ചിരുന്നവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു. അനിതയാണ് കണ്ണൻ്റെ ഭാര്യ മക്കൾ: ദേവിക, ഗോപിക. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ശ്രമം തുടങ്ങി.