കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യയ്ക്ക് എതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.പി ദിവ്യയെ സിപിഎം നീക്കി. പാർട്ടി നിർദേശത്തെ തുടർന്ന് ദിവ്യ രാജി നൽകി. കെ.കെ രത്നകുമാരി പി.പി ദിവ്യയ്ക്ക് പകരം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാവും. രാജി വാർത്തയ്ക്ക് പിന്നാലെ നവീൻ ബാബുവിൻ്റെ മരണത്തിൽ ഇതാദ്യമായി പ്രതികരണവുമായി ദിവ്യ രംഗത്ത് എത്തി.
ദിവ്യയുടെ പ്രസ്താവന –
കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനംരാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
നവീൻ ബാബുവിനെ ഔദ്യോഗിക വേദിയിൽ അവഹേളിച്ച് അദ്ദേഹം ആത്മഹത്യ ചെയ്ത് മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് ദിവ്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം ഉണ്ടാവുന്നത്. നവീൻ ബാബുവിനെതിരെ പിപി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തെ പിന്തുണച്ച് കൊണ്ട് സൈബർ ഇടങ്ങളിൽ ഒരു വിഭാഗം ഇടതുപക്ഷ പ്രവർത്തകർ നേരത്തെ രംഗത്ത് വന്നിരുന്നുവെങ്കിലും നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണ് എന്നാണ് ദ്ദേഹത്തോടൊപ്പം ജോലി ചെയ്തവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. നവീനും കുടുംബത്തിനും ഒപ്പം ഉറച്ചു നിന്ന പത്തനംതിട്ട സിപിഎം കമ്മിറ്റിയുടെ നിലപാടും ദിവ്യയുടെ രാജിയിലേക്ക് വഴിതുറന്നു.