താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ലഹരി കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് എംഡിഎംഎ ആണോയെന്ന് സംശയമുണ്ട്.
ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുതുകിലും കൈയ്യിലും കാലിന്റെ പിന്‍ഭാഗത്തുമാണ് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. എന്നാല്‍ പരിക്കുകള്‍ പലതും പഴയതാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമായിരിക്കും മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുക.
കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയെ ലഹരിക്കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ദേവദാര്‍ മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 1.45നാണ് ഇയാളെ താനൂര്‍ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇതിനിടെ പുലര്‍ച്ചെ നാല് മണിക്ക് ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്ന് വീണെന്നും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നുമാണ് ഡി.വൈഎസ്.പി വി.വി ബെന്നി പറഞ്ഞത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവിനാണ് അന്വേഷണ ചുമതല.