ബഹ്റൈൻ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നവംബറിൽ ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തുക. മാർപാപ്പയുടെ സന്ദർശനം ബഹ്റൈനിലെ പതിനായിരക്കണക്കിന് കത്തോലിക്കരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവാലിയിലും, തലസ്ഥാനമായ മനാമയിലും, അറേബ്യൻ ഗൾഫിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ ദേവാലയവും അദ്ദേഹം സന്ദർശിക്കും. 2019-ൽ ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ സന്ദർശനത്തിന് ശേഷം രണ്ടാം തവണയാണ് സഭാ തലവൻ അറേബ്യൻ ഗൾഫ് സന്ദർശിക്കുന്നത്.
അവാലിയിലെ ടെന്റ് ആകൃതിയിലുള്ള കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് അറേബ്യ കഴിഞ്ഞ വർഷം ഡിസംബറിലാണ് ആരാധകർക്കായി തുറന്നു കൊടുത്തത്. ഇവിടേയും മാർപാപ്പ സന്ദർശിക്കും. കത്തീഡ്രലിൽ കുറഞ്ഞത് 2,300 പേർക്ക് ഇരിക്കാൻ കഴിയും. 2013-ൽ ഹമദ് രാജാവ് 80,000-ത്തോളം ആളുകൾ താമസിക്കുന്ന പ്രാദേശിക കത്തോലിക്കാ സമൂഹത്തിന് സംഭാവന നൽകിയ ഭൂമിയിലാണ് ഇത് നിർമ്മിച്ചത്. മതസൗഹാർദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് മാർപ്പാപ്പയുടെ സന്ദർശനം.