റിയാദ്: പാകിസ്ഥാനിൽ നിന്നുള്ളവർക്ക് പോളിയോ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. പാകിസ്ഥാനിൽ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യുന്നവരെല്ലാം സർക്കാർ/സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നാണ് പുതിയ നിർദേശം.
ഉംറയ്ക്കും ഹജ്ജിനുമായി സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും സന്ദർശന/ടൂറിസ്റ്റ്/ ബിസിനസ് വിസയിൽ വരുന്നവർക്കും പുതിയ നിർദേശം ബാധകമായിരിക്കും. പാകിസ്ഥാനിൽ നിന്നും വരുന്ന ഇഖാമ ഉടമകളെയും സൗദി പൗരന്മാരെയും പുതിയ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്റെ സ്വകാര്യ വിമാനക്കമ്പനിയായ എയർബ്ലൂ വ്യക്തമാക്കി.
“സൗദി അറേബ്യയിൽ എത്തുന്നതിന് കുറഞ്ഞത് നാല് ആഴ്ച മുമ്പെങ്കിലും യാത്രക്കാർ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഒരു ഐപിവി ( പോളിയോ വാക്സിൻ) ഡോസ് അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഒരു ഒപിവി (ഓറൽ പോളിയോ വാക്സിൻ) ഡോസ് സ്വീകരിക്കേണ്ടതുണ്ട്,” എയർലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എയർ ബ്ലൂ സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു. പുതിയ പരിഷ്കാരം 2025 ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, പോളിയോ വാക്സിൻ വാക്സിൻ എടുക്കാത്തതിന്റെ പേരിൽ നൂറുകണക്കിന് ഉംറ തീർത്ഥാടകരെ ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ വിവിധ വിമാനക്കമ്പനികളിലൂടെ ഉംറ തീർത്ഥാടനത്തിനായി പ്രതിവർഷം ദശലക്ഷക്കണക്കിന് പാകിസ്ഥാനികൾ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഇനി മുതൽ ഇവരെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടി വരും.