ചങ്ങനാശ്ശേരിയില്‍ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെതിരെ അതിക്രമവുമായി പെണ്‍കുട്ടി. യുവാവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസുകാരെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ആണ്‍സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനെ ആക്രമിച്ചത്.
ഗോശാലപ്പറമ്പില്‍ വിഷ്ണുവിനെ (19) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി ലഭിച്ച വിവരമനുസരിച്ചാണ് പൊലീസ് എത്തിയത്. തൃക്കൊടിത്താനം എസ് എച്ച് ഒ അനൂപ് സിപിഒ ശെല്‍വരാജ് എന്നിവരാണ് സ്ഥലത്തെത്തിയത്. വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എന്നാല്‍ വിഷ്ണുവിനെ ജീപ്പില്‍ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്.ഒ പറഞ്ഞു. ശെല്‍വരാജ് ജീപ്പിന്റെ സൈഡില്‍ നില്ക്കുമ്പോള് പെണ്‍കുട്ടി ജീപ്പിന്റെ ഡോര്‍ അടച്ചു. ഡോറിനിടയില്‍പ്പെട്ട് ശെല്‍വരാജിന്റെ കൈപ്പത്തിക്ക് പരിക്കേറ്റു. ശെല്‍വരാജിനെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്കി.