ഇടുക്കി മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി തോമസിന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കേസില്‍ അറസ്റ്റിലായ മാവടി തകിടിയല്‍ സജി, മുകുളേല്‍ പറമ്പില്‍ ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ ചോദ്യം ചെയ്തതോടെയാണ് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മനഃപൂര്‍വ്വം വെടിവെച്ചതാണെന്നുമുള്ള വിവരം ലഭിച്ചത്.
പിടിയിലായ സജിയാണ് വെടിവെച്ചതെന്നാണ് വിവരം. പ്രതികളില്‍ ഒരാളായ ബിനുവിനെ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചാരായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ചാരായം വാറ്റ് സംബന്ധിച്ച് എക്സൈസിന് വിവരം നല്‍കിയത് സണ്ണി തോമസ് ആണെന്ന് പ്രതികള്‍ കരുതി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സജിയുടെ നിര്‍ദേശപ്രകാരമാണ് ബിനു ചാരായം വാറ്റിയത്.
ബിനുവിന്റെ വീട്ടില്‍ വെച്ചാണ് സണ്ണി തോമസിനെ കൊല ചെയ്യാനുള്ള ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്തെ കുളം വറ്റിച്ച് വെടിവെക്കാനായി ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. ഏലത്തോട്ടത്തില്‍ വന്യമൃഗത്തെ കണ്ടപ്പോള്‍ വെടിവെച്ചതാണെന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.
വീട്ടില്‍ കിടന്നുറകുകയായിരുന്ന സണ്ണി തോമസ് ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ചെന്ന് നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിന് പുറത്ത് നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.