മലപ്പുറം: എൽഡിഎഫ് വിട്ട നിലമ്പൂരിലെ സ്വതന്ത്ര എംഎൽഎ പിവി അൻവറിൻ്റെ വീടിന് മുഴുവൻ സമയ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സുരക്ഷയ്ക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും സജ്ജമാക്കും. തൻ്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അൻവർ അപേക്ഷ നൽകിയത്. എസ്.പിയുടെ ഉത്തരവ് വന്നതിന് പിന്നാലെ എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഒതായിയിൽ ഉള്ള അൻവറിന്റെ വീടിനു സമീപത്ത് പിക്കറ്റ് പോസ്റ്റ് ആരംഭിച്ചിട്ടുണ്ട്..
സുരക്ഷ ഉറപ്പാക്കാനായി രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കേണ്ടതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണെന്നും സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പി ഉത്തരവിട്ടു.