കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. 13 നായ്ക്കളുടെ സംരക്ഷണത്തിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊലീസ് സംഘത്തെ കണ്ട റോബിന്‍ ഓടി രക്ഷപ്പെട്ടു.
വീട് വാടകയ്ക്ക് എടുത്ത് ഡെല്‍റ്റ കെ-9 എന്ന പേരില്‍ നായ്ക്കളുടെ വില്‍പനയും സംരക്ഷണവും ചെയ്യുന്നതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കുടമാളൂര്‍ കുമാരനെല്ലൂര്‍ റോഡില്‍ 200 മീറ്റര്‍ മാറിയാണ് വീട്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തോടെ ലഹരിവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടു വളപ്പില്‍ നായ്ക്കളെ തുറന്ന് വിട്ടതിനാല്‍ ഡോഗ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് പൊലീസിന് വീട്ടിലേക്ക് കയറാനായതെന്ന് കോട്ടയം എസ്.പി പറഞ്ഞു.
ഇവിടെ സംശയകരമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് വാങ്ങി ഗാന്ധി നഗര്‍ പൊലീസ് ടീം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. 17.8 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയത്. പ്രതി പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു പോവുകയും ചെയ്തു. ഈ വീട് വാടകയ്ക്ക് എടുത്തിട്ടാണ് കാര്യങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്. ഡോഗ് ട്രെയിനര്‍ ആയിട്ടാണ് അറിയുന്നത്. ഇതിന്റെ മറവില്‍ ആണ് മയക്കുമരുന്ന് കച്ചവടവും നടക്കുന്നത്.
കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തും. കാക്കിയെ കണ്ടാല്‍ കടിക്കുക എന്ന രീതിയിലാണ് ഇയാള്‍ പട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കിയിരിക്കുന്നത് എന്നും എസ് പി പറഞ്ഞു.