ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന സീരീസ് ‘പോച്ചര്‍’ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്.
നിമിഷ സജയന്, റോഷന് മാത്യു തുടങ്ങിയ മലയാളി താരങ്ങള്‍ അഭിനയിക്കുന്നു എന്നതാണ് ഈ സീരിസിന്റെ മറ്റൊരു പ്രത്യേകത. ദിബ്യേന്ദു ഭട്ടാചാര്യ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോന്, മാല പാര്‍വ്വതി എന്നിവരും ഈ സീരിസിലുണ്ട്.
കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍, കേരളത്തിലെ വനങ്ങളില്‍ നടന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് പോച്ചര്‍. ആമസോണ്‍ ഒറിജിനല്‍സില്‍ നിന്നുള്ള ഈ സീരീസ് നിര്‍മ്മിച്ചത് ക്യുസി എന്റര്‍ടൈന്‍മെന്റ് ആണ്. ഓസ്കാര്‍ നേടിയ പ്രൊഡക്ഷന്‍ കമ്പനിയായ ക്യുസി എന്റര്‍ടൈന്‍മെന്റിന്റെ ടെലിവിഷനിലേക്കുള്ള ആദ്യ ചുവടുവപ്പാണ് പോച്ചര്‍.
എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്ലിന് എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിംഗ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന് ഷിപ്പ്ടണ്‍, ജസ്റ്റിന് ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിംഗ് ചെയ്തത്. സീരീസിന്റെ മലയാളം തിരക്കഥ എഴുതിയിരിക്കുന്നത് ഇയോബിന്റെ പുസ്തകം, തുറമുഖം തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗോപന് ചിദംബരമാണ്.