ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് . നിർണായക പ്രഖ്യാപനത്തിന് വേണ്ടിയാണ് മോദി രാജ്യത്തോട് സംസാരിക്കുന്നത് എന്നാണ് ചില ദേശീയമാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യുന്നത്.
ഈ ആഴ്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരത്തെ കർഷകനിയമം പിൻവലിക്കുന്നതും നോട്ട് നിരോധനവും അടക്കം പലസുപ്രധാന പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നേരിട്ടാണ് നടത്തിയത്. അതിനാൽ തന്നെ എന്താണ് മോദി പറയുന്നത് എന്ന് ഉറ്റു നോക്കുകയാണ് രാജ്യം.
അതേസമയം പൗരത്വ ഭേദഗതി നിയമം (സിഎഎ) സംബന്ധിച്ച പ്രഖ്യാപനമായിരിക്കും പ്രധാനമന്ത്രി നടത്തുക എന്ന അഭ്യൂഹം ശക്തമാണ്. പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ ഇന്ന് വിജ്ഞാപനം ചെയ്തേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പല മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ പ്രാബല്യത്തിൽ വന്ന സിഎഎ ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2019 ഡിസംബർ 11 ന് പാർലമെൻ്റ് പാസാക്കിയ CAA ഇന്ത്യയിലുടനീളം വലിയ ചർച്ചകൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.,
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതപരമായ പീഡനങ്ങൾ കാരണം ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യാനികൾക്ക് പൗരത്വം നൽകാനാണ് സിഎഎ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ മുസ്ലീം മതവിഭാഗക്കാർക്ക് ഈ ബിൽ പൗരത്വത്തിന് അനുമതി കൊടുക്കുന്നില്ല. 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്താണ് സിഎഎ നടപ്പാക്കുന്നത്. 2014 ഡിസംബർ 31മുൻപായി സ്വന്തം രാജ്യങ്ങളിൽ മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് പൗരത്വം നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
സിഎഎ ഉടൻ നടപ്പാക്കുമെന്ന് കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ബംഗാളിലെ റാലിയിൽ വച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു
“ദീദി (ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി) സിഎഎ സംബന്ധിച്ച് അഭയാർത്ഥി സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. സിഎഎ രാജ്യത്തെ നിയമമാണ്, അതാർക്കും തടയാൻ കഴിയില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ഇത് ഞങ്ങളുടെ പാർട്ടിയുടെ ഉറപ്പാണ് – അമിത് ഷാ അന്ന് പറഞ്ഞു.