അഹമ്മദാബാദ്: രാജ്യത്ത് പുതിയ പത്ത് വന്ദേഭാരത് സർവ്വീസുകൾക്ക് കൂടി തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഹമ്മദാബാദിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി പുതിയ ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തെ റെയിൽവേ രംഗത്തുണ്ടായ മാറ്റങ്ങൾ കേവലം ട്രെയിലർ മാത്രമാണെന്നും യഥാർത്ഥ മാറ്റം ഇനിയാണ് വരാനിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഇച്ഛാശക്തിയുടെ ജീവിക്കുന്ന തെളിവാണ് ഈ ദിനം, ഏത് തരത്തിലുള്ള രാജ്യവും റെയിൽവേയും വേണമെന്ന് രാജ്യത്തെ യുവാക്കൾ തീരുമാനിക്കും. സ്വാതന്ത്ര്യത്തിനു ശേഷം വന്ന സർക്കാരുകൾ രാഷ്ട്രീയ സ്വാർത്ഥതയ്ക്കാണ് മുൻഗണന നൽകിയത്. ഇന്ത്യൻ റെയിൽവേ അതിൻ്റെ വലിയ ഇരയാണ്… ഞാൻ ആദ്യം ചെയ്തത് റെയിൽവേയെ സർക്കാരിൻ്റെ ബജറ്റിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. ഇതുമൂലം സർക്കാർ ഫണ്ടുകൾ ഇപ്പോൾ റെയിൽവേയുടെ വികസനത്തിന് ഉപയോഗിക്കുന്നു.” – പ്രധാനമന്ത്രി പറഞ്ഞു.
അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, പുരി-വിശാഖപട്ടണം, മൈസൂരു-എംജിആർ സെൻട്രൽ (ചെന്നൈ), പട്ന-ലക്നൗ, ന്യൂ ജൽപായ്ഗുരി-പട്ന, ലഖ്നൗ-ഡെറാഡൂൺ, കലബുറഗി-സർ എം വർഷീശ്വരൻ, ടെർമിൻ വിശ്വേശ്വരയ്യ, വാരാണസി-റാഞ്ചി, ഖജുരാഹോ-നിസാമുദ്ദീൻ (ഡൽഹി). എന്നീ റൂട്ടുകളിലാണ് പുതിയ 10 ട്രെയിനുകൾ സർവീസ് നടത്തുന്നത്. അതേസമയം കേരളം ഏറെ പ്രതീക്ഷിച്ച എറണാകുളം – ബെംഗളൂരു വന്ദേഭാരത് ഈ ഘട്ടത്തിലും പ്രഖ്യാപിച്ചില്ല. നിലവിൽ സർവ്വീസ് നടത്തുന്ന മൂന്ന് റേക്കുകൾ കൂടാതെ ഒരു റേക്ക് വന്ദേഭാരത് കൂടി കേരളത്തിൽ എത്തിയത് പുതിയ സർവ്വീസിന് ഉപയോഗിച്ചേക്കും എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു.