റഷ്യയ്ക്കെതിരെ അട്ടിമറി ഭീഷണി ഉയര്‍ത്തിയ കൂലിപ്പട്ടാള സംഘത്തിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിന് കൊല്ലപ്പെട്ടു. പ്രിഗോഷിന് ഉള്‍പ്പെടെ പത്ത് പേര് സഞ്ചരിച്ച വിമാനം തകര്‍ന്നാണ് മരണം.
ഫ്ളൈറ്റ് ട്രാക്കിങ്ങ് ഡാറ്റ അനുസരിച്ച് വിമാനം താഴേക്ക് പതിക്കുന്നതിന് 30 സെക്കന്റ് മുമ്പ് വരെ യാതൊരു വിധ സാങ്കേതിക പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവഗനിയുടെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
സെന്റ് പീറ്റേഴ്സ് ബര്‍ഗിലും മോസ്കോയിലും ഇടയിലാണ് അപകടം നടന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
റഷ്യന്‍ പ്രാദേശിക സമയം 3.19നായിരുന്നു വിമാന അപകടം. വിമാനം പെട്ടെന്ന് താഴേക്ക് ലംബമായി പതിക്കുകയായിരുന്നു. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ 28000 അടി ഉയരത്തില്‍ നിന്ന് വിമാനം 8000 അടി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് തത്സമയ ഫ്ളൈറ്റ് ട്രാക്കിങ്ങ് സംവിധാനമായ ഫ്ളൈറ്റ് റഡാര്‍24ലെ ഉദ്യോഗസ്ഥന് ഇയാന്‍ പെറ്റ്ഷെനിക് പറയുന്നത്.
പതനത്തിന് മുമ്പ് വിമാനത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിരുന്നില്ല. പുക നിറഞ്ഞുകൊണ്ട് വിമാനം അതിവേഗത്തില്‍ നിലംപതിക്കുകയായിരുന്നു. അതേസമയം വിമാനപകടം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യന്‍ അധികൃതര്‍. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ച് വിമാനം വെടിവെച്ച് ഇടുകയായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.