ലെ: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈൻ ഫർണിച്ചർ പോർട്ടലായ പെപ്പർ ഫ്രൈയുടെ സിഇഒ അംബരീഷ് മൂർത്തി ലഡാക്കിലെ ലെയിൽ വച്ച് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം എന്നാണ് വിവരം. പെപ്പർ ഫ്രൈ സഹസ്ഥാപകൻ ആശിഷ് ഷാ ആണ് അംബരീഷ് മൂർത്തിയുടെ മരണവാർത്ത പുറത്തു വിട്ടത്. വലിയ യാത്രാ പ്രേമിയായ അംബരീഷ് മുംബൈയിൽ നിന്നും ലേയിലേക്കുള്ള ബൈക്ക് ട്രിപ്പിനിടെയാണ് മരണപ്പെട്ടത്. 51 വയസ്സായിരുന്നു.
2011-ലാണ് അംബരീഷ് മൂർത്തിയും ആശിഷ് ഷായും ചേർന്ന് പെപ്പർ ഫ്രൈ എന്ന ഓണ്‍ലൈൻ ഫർണിച്ചർ പോർട്ടലിന് തുടക്കമിടുന്നത്. അന്നു മുതൽ കമ്പനിയുടെ സിഇഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു അംബരീഷ് മൂർത്തി. കൽക്കട്ട ഐഐടിയിലെ 1996 ബാച്ച് വിദ്യാർത്ഥിയാണ് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. ഏതാണ്ട് 500 മില്ല്യണ്‍ ഡോളറിലേറെ മൂല്യമുള്ള കമ്പനിയാണ് പെപ്പർ ഫ്രൈ ഇന്ന്. ഗോൾഡ്മാൻ സാച്ച്സ് അടക്കം നിരവധി കമ്പനികൾക്ക് പെപ്പർ ഫ്രൈയിൽ നിക്ഷേപമുണ്ട്.