വയനാട്: വയനാട്ടിലും കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഇന്ന് രാവിലെ ഉണ്ടായ പ്രകമ്പനത്തിൽ ആശയക്കുഴപ്പം തീരാതെ ജനങ്ങൾ. കേരളത്തിൽ എവിടെയും ഇന്ന് ഭൂചലനമുണ്ടായിട്ടില്ലെന്നും സജീവ ഭൂചലന മേഖലയല്ല കേരളമെന്നും പ്രധാനപ്പെട്ട ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളും സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. റിക്ടർ സ്കെയിലിലും ശ്രദ്ധേയമായ ഒരു ചലനവും ഇന്ന് രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനമാണ് ഉണ്ടായത് എന്ന പൊതുനിഗമനത്തിലാണ് ശാസ്ത്രജ്ഞർ.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വയനാടിലെ എടക്കൾ ഗുഹ അടങ്ങുന്ന മേഖലയിൽ പ്രകമ്പനമുണ്ടായതായുള്ള വാർത്ത വരുന്നത്. അമ്പലവയൽ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. പിന്നാലെ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തുകയും ഭൂകമ്പമുണ്ടായെന്ന ധാരണയിൽ ആളുകളെ പ്രദേശത്ത് ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ വൈകാതെ ഭൂചലനമുണ്ടായിട്ടില്ലെന്ന് ഭൗമശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഭൂമിക്കടിയിലെ പാളികൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനമാവാം ഇതെന്നായിരുന്നു അവരുടെ നിഗമനം.
അതേസമയം കേരളത്തിലെ നാലുജില്ലകളിൽ അനുഭവപ്പെട്ട പ്രകമ്പനത്തിൽ ആശങ്ക വേണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഡയറക്ടർ ഒപി മിശ്ര അറിയിച്ചു. കേരളത്തിൽ ഭൂചലനമുണ്ടായിട്ടില്ലെന്നും വലിയ മണ്ണിടിച്ചിൽ ഉണ്ടായ മേഖലയിൽ ഉണ്ടാകാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമാണിതെന്നും ഒപി മിശ്ര ചൂണ്ടിക്കാട്ടി. ഫ്രിക്ഷണൽ എനർജി മൂലമാണ് ഇത്തരത്തിൽ ഉഗ്രശബ്ദവും മുഴക്കവും പ്രകമ്പനവുമുണ്ടാകുന്നതെന്നും ഇത് ഭൂചലനമായി കാണേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പാലക്കാട്ടെ ഒറ്റപ്പാലത്തും അലനല്ലൂരിലും മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയിൽ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു.