ഇസ്ലാമാബാദ്: രാജ്യത്തെ 4300 പൌരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ. വിദേശരാജ്യങ്ങളിൽ പോയി യാചകരായി ജീവിച്ച ആളുകൾക്കാണ് പാക്കിസ്ഥാൻ രാജ്യം വിടാനുള്ള അനുമതി നിഷേധിച്ചത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിന് പിന്നാലെ സൌദി സർക്കാർ ഈ വിഷയം പാകിസ്ഥാന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്രയും പേർക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്.
ഉംറ, ഹജ്ജ് വിസകൾ ദുരുപയോഗം ചെയ്ത് എത്തുന്ന ഭിക്ഷാടകർ മക്കയും മദീനയും അടക്കമുള്ള പുണ്യ നഗരങ്ങളിൽ ഭിക്ഷാടനം നടത്തുന്നതായി സെപ്തംബറിലാണ് സൌദി പാക്കിസ്ഥാനെ അറിയിച്ചത്. വിദേശരാജ്യങ്ങളിലേക്ക് ഭിക്ഷാടകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടിയാണ് പാകിസ്ഥാൻ സ്വീകരിച്ച് വരുന്നതെന്നും ഇതിൻ്റെ ഭാഗമായാണ് ഇത്രയും പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതെന്നും പാക്കിസ്ഥാൻ സർക്കാർ വ്യക്തമാക്കി.
യാചക മാഫിയക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ റാസ നഖ്വി ബുധനാഴ്ച സൗദി അറേബ്യൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി നാസർ ബിൻ അബ്ദുൽ അസീസ് അൽ ദാവൂദിനെ അറിയിച്ചതായി പാകിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യൻ തെരുവുകളിൽ, പ്രത്യേകിച്ച് മക്ക, മദീന, ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ പാകിസ്ഥാൻ ഭിക്ഷാടകർ കൂട്ടമായി തങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പലരും ഹജ്ജ്, ഉംറ വിസകളിൽ സൗദി അറേബ്യയിൽ പ്രവേശിക്കുകയും പിന്നീട് ഭിക്ഷാടനത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായാണ് കണ്ടു വരുന്നത്.
കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിനുള്ളിൽ അറസ്റ്റിലായ പോക്കറ്റടിക്കാരിൽ 90% പേരും പാകിസ്ഥാനികളാണെന്ന് 2023 ലെ സെക്രട്ടറി ഓവർസീസ് പാക്കിസ്ഥാനി സീഷൻ ഖൻസാദയുടെ പ്രസ്താവനയിൽ പറയുന്നു. നൂറോളം പാകിസ്ഥാൻ ഭിക്ഷാടകർ സൗദി ജയിലുകളിൽ നിലവിൽ തടവിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
സൗദി അറേബ്യയിലെ നിയമപ്രകാരം, ഏത് രൂപത്തിലും, ഏത് ആവശ്യത്തിനും യാചിക്കുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു. ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന ആളുകൾക്കോ അതിന് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കോ 6 മാസം വരെ തടവും അല്ലെങ്കിൽ 50,000 റിയാൽ വരെ പിഴയും ശിക്ഷ കിട്ടും. സൌദ്ദി കൂടാതെ യുഎഇയും ഇറാഖും ഉൾപ്പെടെ നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് പാകിസ്ഥാൻ ഭിക്ഷാടകർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2023 സെപ്തംബറിൽ, തീർത്ഥാടകരുടെ വേഷം ധരിച്ച 16 യാചകരെ ജിദ്ദയിലേക്കുള്ള യാത്രാമധ്യേ പിടികൂടിയിരുന്നു.
സൗദി അറേബ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ച പാക്കിസ്ഥാൻ ഭിക്ഷാടന മാഫിയയുടെ പ്രവർത്തനം പല പാക് പൌരൻമാർക്കും വിസ നിഷേധിക്കുന്നതിലേക്കും കർശന പരിശോധനകൾക്കും വഴി തുറന്നു. ഭിക്ഷാടന മാഫിയയുടെ പ്രവർത്തനം തടയാത്ത പക്ഷം പാക്കിസ്ഥാനിൽ നിന്നുള്ള ഹജ്ജ് – ഉംറ തീർത്ഥാടകർക്കും വിസാ പ്രശ്നം നേരിടേണ്ടി വരുമെന്ന് സൌദ്ദി സർക്കാർ മുന്നറിയിപ്പ് നൽകിയതോടെയാണ് പാക് സർക്കാർ കർശന നടപടികളിലേക്ക് കടന്നത്.