ഇസ്ലാമാബാദ്; പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യൻ ചാരസംഘടനകളെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ബലൂചിസ്ഥാനിലെ മാസ്ദുഗ് ജില്ലയിലും പഖ്തുൻകുവയിലെ ഹാൻഗു നഗരത്തിലുമാണ് നബിദിനത്തിൽ ഇരട്ട സ്ഫോടനമുണ്ടായത്.
ബലൂചിസ്ഥാനിൽ പള്ളിക്ക് സമീപം നിർത്തിയിട്ട പൊലീസ് കാറിന് അടുത്ത് വച്ചാണ് ചാവേർ പൊട്ടിത്തെറിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അടക്കം 65 പേരാണ് ഇവിടെ മരിച്ചത്. മണിക്കൂറുകൾക്ക് ശേഷം ഹാൻഗുവിലുണ്ടായ മറ്റൊരു ചാവേർ സ്ഫോടനത്തിൽ അഞ്ച് പേരും മരണപ്പെട്ടു.
ബലൂചിസ്ഥാൻ്റെ തലസ്ഥാനമായ ക്വറ്റയിൽ എത്തിയ പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി സർഫറാസ് ബുഗ്റ്റിയാണ് സ്ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഇടപെടലുണ്ടെന്ന് ആരോപിച്ചത്. മസ്ദൂഗിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും ശിക്ഷിക്കാനും സർക്കാർ – അന്വേഷണ ഏജൻസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സ്ഫോടനങ്ങളിലുമായി അറുപതോളം പേർക്ക് പരിക്കേറ്റിരുന്നു. പാക്കിസ്ഥാനിൽ നിരന്തരം ചാവേർ ആക്രമണങ്ങൾ നടത്തുകയും ആഭ്യന്തരസുരക്ഷയ്ക്ക് തന്നെ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്ന തെഹ്രീക് ഇ താലിബാൻ ഈ ചാവേർ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.