കാസർഗോഡ്: സി.പി.എം നേതാവും പ്രമുഖ സഹകാരിയുമായ പി രാഘവന്റെ പേരിലുളള ട്രസ്റ്റ് പ്രവർത്തനം തുടങ്ങി. കുടുംബാഗങ്ങളും സുഹൃത്തുകളും ചേർന്നാണ് സ്മാരക ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച്ച തുടക്കം കുറിച്ചത്.കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.എം.എൽ.എ., ട്രേഡ് യൂണിയൻ, രാഷ്ട്രീയമേഖലകളിൽ പി.രാഘവന്റെ പ്രവർത്തനം നേരിൽ അനുഭവപ്പെട്ടയാളാണ് താനെന്ന് എം.വി.ഗോവിന്ദൻ അനുസ്മരിച്ചു.
വ്യക്തിയല്ല മറിച്ച് രാഷ്ട്രീയവും നിലപാടുമാണ് പ്രധാനമെന്ന് തെളിയിച്ചയാളാണ് പി.രാഘവൻ. 200-ലധികം സഹകരണ സ്ഥാപനങ്ങളാണ് അദ്ദേഹം മുൻകൈയെടുത്ത് ആരംഭിച്ചത്- അദ്ദേഹം പറഞ്ഞു.ജയപുരത്ത് ഭവനരഹിതരായ ഒരു കുടുംബത്തിന്, ട്രസ്റ്റ് ഇതിനകം വീടുനിർമിച്ചുനൽകി. ഉദ്ഘാടന ചടങ്ങിൽ പി രാഘവന്റെ ആത്മകഥ “കനലെരിയും ഓർമകൾ” മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പി വി കെ പനയാലിന് നൽകി പ്രകാശനം ചെയ്തു.
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. എം.എൽ.എ.മാരായ ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, വൈസ് ചെയർമാൻ എ.ജി.നായർ, സെക്രട്ടറി പി.രാഘവൻ, ആത്മകഥ എഡിറ്റ് ചെയ്ത സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.