ആസ്വാദക ഹൃദയത്തിൽ സംഗീതം മാത്രം ബാക്കിയാക്കി ഭാവഗായകൻ പുഴ കടന്നു പോകുമ്പോൾ പി.ജയചന്ദ്രൻ്റെ ഹിറ്റ് ഗാനങ്ങളിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുകയാണ് സംഗീതപ്രേമികൾ. ഏതൊരു ഗാനത്തിനും മറ്റൊരു ഭാവതലം പകർന്നു നൽകുന്ന പി.ജയചന്ദ്രന് നിറം സിനിമയിലെ പ്രായം തമ്മിൽ മോഹം നൽകി എന്ന ഗാനം കരിയറിൽ പുതിയൊരു തുടക്കമായിരുന്നു നൽകിയത്. രണ്ടായിരം തൊട്ട് അങ്ങോട്ട് അനവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ജയചന്ദ്രനിൽ നിന്നുണ്ടായി. അവയിൽ പലതും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും സംഗീതപ്രേമികൾ ആഘോഷിക്കുന്ന മെലഡികളാണ്. ഈ ഗാനങ്ങളിൽ പകുതിയും ഗിരീഷ് പുത്തഞ്ചേരി രചിച്ചതായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.
വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്നു പി.ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും. ജയേട്ടൻ പാടിയ പാട്ടുകളിൽ ചില വരികൾക്ക് അദ്ദേഹം നൽകുന്ന ഭാവവും ചില സംഗതികളുമൊക്കെ ഗിരീഷ് പുത്തഞ്ചേരി വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ഗിരീഷിൻ്റേയും ജയചന്ദ്രൻ്റേയും ഹിറ്റ് ഗാനമായ മറന്നിട്ടുമെന്തിനോ എന്ന പാട്ട് ഉദാഹരണം. ഈ ഗാനത്തിൻ്റെ അവസാന ഭാഗത്ത് പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്ന പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. എന്ന ഭാഗം വല്ലാതൊരു ഭാവഭംഗിയിലാണ് ജയചന്ദ്രൻ പാടിയത് എന്ന് ഗിരീഷ് നിരീക്ഷിക്കുന്നു. പാട്ടെഴുതിയ താനും ഈണം നൽകിയ വിദ്യാസാഗറും ആഗ്രഹിച്ചതിനും അപ്പുറത്തേക്ക് ആ പാട്ടിനെ ജയചന്ദ്രൻ കൊണ്ടു പോയി നിർത്തി എന്ന് ഗിരീഷ് പുത്തഞ്ചേരി വിശ്വസിച്ചു.
1992-ൽ ജോണീവാക്കർ എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ഗാനരചയിതാവ് എന്ന നിലയിൽ മലയാള സിനിമയിൽ തൻ്റെ വരവറിയിക്കുന്നത്. എന്നാൽ അതിനും മുൻപ് നിരവധി ലളിതഗാനങ്ങൾക്ക് അദ്ദേഹം വരികളൊരുക്കിയിരുന്നു. ആകാശവാണി, എച്ച്.എം.വി, മഗ്നാസൌണ്ട്സ്, തരംഗിണി എന്നിവർക്ക് വേണ്ടിയെല്ലാം ഗിരീഷ് അനവധി ആൽബങ്ങളൊരുക്കിയിരുന്നു. ദൂർദർശനും ഏഷ്യാനെറ്റിനും വേണ്ടിയും ഗിരീഷ് ഈ കാലത്ത് എഴുതിയിരുന്നു. അങ്ങനെയൊരിക്കൽ 1985-ൽ ഗാനപൌർണ്ണമി എന്നൊരു ആൽബത്തിൻ്റെ റെക്കോർഡിംഗിനിടെയാണ് ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും ആദ്യമായി കണ്ടുമുട്ടുന്നതെന്ന് സംഗീതനിരൂപകൻ രവിമേനോൻ എഴുതിയിട്ടുണ്ട്. ആൽബത്തിലെ വരികളിൽ നിന്നു തന്നെ ഗിരീഷിൻ്റെ പ്രതിഭയെ ജയചന്ദ്രൻ തിരിച്ചറിഞ്ഞു.
‘ഒരു നുള്ള് ഭസ്മമായി എരിതീയിൽ നിന്നെൻ്റെ അമ്മയെ ഞാനൊന്നു തൊട്ടു, നെറ്റിമേൽ അമ്മയെ ഞാനൊന്നു തൊട്ടു- എന്ന ഗിരീഷ് രചിച്ച പാട്ട് പാടിയത് ജയചന്ദ്രനാണ്. ആ പാട്ടിലെ വരികളും അതിലെ നൊമ്പരവും ഭാവഗായകനെ വല്ലാതെ സ്പർശിച്ചിരുന്നു. ഗിരീഷിൽ സ്ഥായിയായൊരു ദുഖഭാവം ഉണ്ടായിരുന്നുവെന്ന് ജയചന്ദ്രൻ പറയുന്നു. അത് ഗിരീഷിനോട് താൻ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. എന്നാൽ തൻ്റെ ദുഖവും സന്തോഷവും പ്രണയവുമെല്ലാം ഇനിയും പിറക്കാനിരിക്കുന്ന കവിതകൾ പോലെയാണെന്നും അതൊന്നും തനിക്ക് തന്നെ കൃത്യമായി അറിയില്ലെന്നും മാത്രമായിരുന്നു ഗിരീഷിൻ്റെ മറുപടി.
48-ാം വയസ്സിൽ മലയാളിക്ക് നഷ്ടപ്പെട്ട അസഖ്യം പാട്ടുകളുമായി ഗിരീഷ് മടങ്ങിയപ്പോൾ ആ വിയോഗം ജയചന്ദ്രനേയും വല്ലാതെ നൊമ്പരപ്പെടുത്തി.കവി ഭാവനയിലും കണ്ടതിലേറെ അർത്ഥവും ഭാവവും ഗിരീഷിൻ്റെ പാട്ടുകൾക്ക് നൽകിയ ജയചന്ദ്രൻ അവസാനകാലം വരെയും തനിക്ക് ശേഷം പോകേണ്ടവനായിരുന്നു ഗിരീഷെന്ന പരിഭവം കാത്തുസൂക്ഷിച്ചിരുന്നു.
ഗിരീഷ് പുത്തഞ്ചേരി രചിച്ച് ജയചന്ദ്രൻ പാടിയ പാട്ടുകൾ –
-
- ആരാരും കാണാതെ – ചന്ദ്രോത്സവം
- പുഴ പാടൂമീ പാട്ടിൽ – മേൽവിലാസം ശരിയാണ്
- ചെണ്ടയ്ക്കൊരു കോലുണ്ടടാ – മനസ്സിനക്കരെ
- ആരാരുമറിയാതെ – അകലെ
- ആല്ലിലക്കാവിലെ തെന്നലെ – പട്ടാളം
- വിരൽ തൊട്ടാൽ വിരിയുന്ന – ഫാൻ്റം
- എന്തേ ഇന്നും വന്നീല്ല – ഗ്രാമഫോണ്
- അറിയാതെ അറിയാതെ – രാവണപ്രഭു
- മറന്നിട്ടുമെന്തിനോ – രണ്ടാം ഭാവം
- ആരും ആരും കാണാതെ – നന്ദനം
- കണ്ണിൽ കാശിത്തുമ്പകൾ – ഡ്രീംസ്
- കാക്കപ്പൂ കൈതപ്പൂ – അരയന്നങ്ങളുടെ വീട്
- പൊൻക്കിനാവല്ലേ പൂന്തിടമ്പല്ലേ – കല്ല്യാണക്കച്ചേരി
- പൊന്നാമ്പലേ നിൻ ഹൃദയം – അരമന വീടും അഞ്ഞൂറേക്കറും
- വെള്ളാരം കിളികൾ വലം വച്ചു പറക്കും വേനൽ മാസം – മംഗല്യസൂത്രം
- കണ്ണുനട്ടു കാത്തിരുന്നിട്ടും – കഥാവശേഷൻ
- ആരെയും കൊതിപ്പിക്കും അരയന്നമേ – തില്ലാന തില്ലാന
- കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ – ഗൌരീശങ്കരം