തൃശ്ശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകന് വിടച്ചൊല്ലാനൊരുങ്ങി നാട്.മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.
10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോർത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.