കണ്ണൂർ: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി മംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്ന ഓറഞ്ച് വന്ദേഭാരതിലെ (20631/20632) കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ഇന്ത്യൻ റെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ള ട്രെയിനാണ് കേരളത്തിൻ്റെ ഓറഞ്ച് വന്ദേഭാരത്. 200 ശതമാനത്തിന് അടുത്താണ് ഓറഞ്ച് വന്ദേഭാരതിൻ്റെ ഒക്യുപെൻസി റേറ്റ്.
എട്ട് കോച്ചുകളിലായി 474 സീറ്റുകളാണ് നിലവിൽ ഓറഞ്ച് വന്ദേഭാരതിലുള്ളത്. ഈ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്താനാണ് നിലവിലെ തീരുമാനം. കോച്ചുകളാവുന്നതോടെ സീറ്റുകളുടെ എണ്ണം 1246 ആവും. ഇരുപത് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ സമീപകാലത്താണ് ചെന്നൈയിലെ ഐസിഎഫ് ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങിയത്. നിലവിൽ ഇരുപത് റേക്കോട് കൂടിയ രണ്ട് ട്രെയിനുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്.
നിലവിൽ എട്ട് റേക്കുകളുമായി ഓടുന്ന തിരുവനന്തപുരം – മംഗലാപുരം, ചെന്നൈ – തിരുനൽവേലി വന്ദേഭാരതുകൾക്ക് പകരം ഇരുപത് കോച്ച് വന്ദേഭാരതുകൾ സർവ്വീസ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതും നിലവിൽ ഒക്യുപെൻസി റേറ്റിൽ രാജ്യത്ത് തന്നെ മുന്നിലാണ്. 16 കോച്ചുകളാണ് കാസർകോട് വന്ദേഭാരതിനുള്ളത്.