ആലപ്പുഴ : കളർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽബി ജോർജ് ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയായിരുന്നു മരണം. മരിച്ച മറ്റുള്ളവരെ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ആൽബി.
അപകടത്തിൽ സാരമായി പരിക്കേറ്റ ആൽബിയെ ഇന്നലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ആൽബിയുടെ തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും സാരമായ ക്ഷതം സംഭവിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ ആൽബിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഡോക്ടർമാർ.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് ജംഗ്ഷനിൽ വച്ച് 11 എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ആറ് പേർ മരിച്ചപ്പോൾ കൊല്ലം സ്വദേശി ആനന്ദ മനു, ചേർത്തല സ്വദേശി കൃഷ്ണദേവ് എന്നിവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. വാഹനമോടിച്ച ഗൌരീശങ്കറും കൊല്ലം സ്വദേശി മുഹ്സിനും ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശി ഷെയ്ൻ ഡെൻസ്റ്റണ് ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിൻ്റെ മാനസികാഘാതത്തിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ല. കൌണ്സിലിംഗ് സെഷന് ശേഷം ഷെയ്ൻ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി.