നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് മാളിൽ നടത്താനിരുന്ന ട്രെയ്ലര് ലോഞ്ച് തടഞ്ഞുവെന്ന് സംവിധായകൻ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിൻ്റെ പരിപാടിയാണ് ഒഴിവാക്കിയത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാൾ അധികൃതർ പറഞ്ഞതായി ഒമര്‍ ലുലു പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. രണ്ട് യുവനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായ മാളാണിത്.
ഷക്കീല പങ്കെടുത്താൽ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് അനുമതി നിഷേധിക്കാൻ കാരണം പറഞ്ഞത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതെന്നും എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞശേഷം മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന് ഒമര്‍ ലുലു വ്യക്തമാക്കി.
ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചതായും പറയുന്നു. എന്നാല്‍ മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നതിനാൽ ഇന്ന് കോഴിക്കോട് നടത്താനിരുന്ന ലോഞ്ച് ഒഴിവാക്കിയതായി ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
നടി ഷക്കീലയെ ഒപ്പമിരുത്തിയാണ് ഒമര്‍ ലുലു വീഡിയോ ചെയ്തിരിക്കുന്നത്. തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി തനിക്ക് നേരെ നടക്കുന്നതാണ് ഈ സമീപനമെന്നും ഷക്കീല പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നടത്താനിരുന്ന ട്രെയിലർ ലോഞ്ച് ഒഴിവാക്കിയതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു.