മസ്കത്ത്: ഗൾഫ് സെക്ടറിൽ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന് നിൽക്കുമ്പോൾ നിരക്കിൽ ഇളവുമായി ഒമാൻ എയർ. കേരളത്തിലേക്ക് അടക്കം വിവിധ സെക്ടറുകളിലാണ് കമ്പനി ടിക്കറ്റിൽ നിരക്കിളവ് പ്രഖ്യാപിച്ചത്.
ടിക്കറ്റ് തുകയിൽ 25 ശതമാനം ഇളവുണ്ടാകും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. പുതിയ ഗ്ലോബൽ സെയിൽ നിരക്കുകൾ ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. സെപ്തംബർ അഞ്ച് ഈ നിരക്കിളവ് തുടരും. ഈ കാലയളവിൽ ബുക്ക് ചെയ്യുന്ന സെപ്തംബർ ഒന്നിനും മാർച്ച് 31നും ഇടയിലുള്ള ടിക്കറ്റുകൾക്കാണ് യാത്രാ നിരക്കിൽ ഇളവ് ലഭിക്കുക.
31 ഒമാൻ റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ബിസിനസ് ക്ലാസ്സിനും ഇക്കോണമി ക്ലാസ്സിനും ഓഫർ ബാധകമാണ്. എന്നാൽ ആഭ്യന്തര സർവ്വീസുകൾക്ക് ഇളവില്ല.
ഒമാൻ എയർ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും കോൾ സെൻ്റർ വഴിയും അംഗീകൃത ട്രാവൽ ഏജൻസികളിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. ശൈത്യകാല അവധിക്ക് നാട്ടിൽ പോകാൻ പദ്ധതിയിടുന്ന ഒമാനിലെ മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഡിസ്കൌണ്ട് സെയിൽ. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്ക് ഒമാൻ എയറിൽ പ്രതിദിന സർവ്വീസുകളുണ്ട്.