ഡോക്ടർമാരുടെ കുറിപ്പടികൾ പലപ്പോഴും സാധാരണക്കാർക്ക് വായിക്കാനാവില്ല. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സെർച്ച് എഞ്ചിനായ ഗൂഗിൾ. ഡോക്ടർമാർ എഴുതുന്ന ഏത് മോശം കുറിപ്പടിയും വായിക്കാൻ ഗൂഗിൾ ലെൻസിലൂടെ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൈയക്ഷര കുറിപ്പുകളിൽനിന്ന് മരുന്ന് തിരിച്ചറിയാൻ ഈ സംവിധാനം ആളുകളെ സഹായിക്കും.
കമ്പനിയുടെ ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ‘ഗൂഗിൾ ഫോർ ഇന്ത്യ 2022’ വാർഷിക സമ്മേളനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗ്ൾ ഇന്ത്യ റിസർച് ഡയറക്ടർ മനീഷ് ഗുപ്ത അറിയിച്ചു. എന്നാൽ ഉപയോക്താക്കൾക്ക് ഈ സേവനം എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിലവിൽ വസ്തുക്കൾ, മൃഗങ്ങൾ, ചെടികൾ അടക്കമുള്ളവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഗൂഗ്ൾ ലെൻസിനെ അക്ഷരങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളതാക്കി മാറ്റാൻ സമയമെടുക്കുമെന്നാണ് സൂചന. വെബ് പേജുകൾ മാതൃഭാഷയിൽ വായിക്കാനുള്ള സൗകര്യം, ശബ്ദ തിരയൽ അടക്കം ഗൂഗ്ൾ-പേയിൽ പുതിയ സുരക്ഷ മുന്നറിയിപ്പുകൾ, സർക്കാറിന്റെ ഡിജിലോക്കറിലെ ഫയലുകൾ ‘ഫയൽസ് ബൈ ഗൂഗ്ൾ’ ആപ്പിൽ, ഓൺലൈൻ വിഡിയോ കോഴ്സുകൾക്കായി യൂട്യൂബ് കോഴ്സ്, യൂട്യൂബ് വിഡിയോക്കുള്ളിൽ തിരയൽ സൗകര്യം എന്നിവയാണ് ഗൂഗിളിന്റെ മറ്റു പദ്ധതികൾ.