ഭൂചലനം വൻ ദുരന്തം വിതച്ച മ്യാന്മറില് മരുന്നുകള്‍ക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഭൂകമ്പത്തിന് പിന്നാലെ രണ്ടു കോടിയിലധികം പേര് ദുരിതത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് അടിയില്‍ നിന്ന് ഇന്നും നിരവധി പേരെ ജീവനോടെ പുറത്തെടുത്തു. ഭൂകമ്പത്തിൽ പാലങ്ങളും റോഡുകളും തകർന്നതിനാല്‍ പല ദുരന്ത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് ഇത് വരെ എത്താനായിട്ടില്ല.
45 ടണ്‍ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങള്‍ മ്യാന്മറിലെത്തിയിട്ടുണ്ട്. ഇന്ത്യ അയച്ച എണ്‍പതംഗ ദേശീയ ദുരന്ത നിവാരണ സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു.
മ്യാന്മാർ ഭൂചലനത്തിന്റെ ഭാഗമായി തകർന്നു വീണ ബാങ്കോക്കിലെ 30 നില കെട്ടിടത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. 17 പേർക്കാണ് തായ്ലൻഡില് ജീവൻ നഷ്ടമായത്. അതേസമയം തായ്ലൻഡില് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.