മുംബൈ: അന്തരിച്ച രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റായെ ടാറ്റാ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ സ്റ്റീൽ, വാച്ച് ബ്രാൻഡായ ടൈറ്റാൻ എന്നിവയുടെ വൈസ് ചെയർമാനാണ് നോയൽ ടാറ്റാ.
രത്തൻ ടാറ്റയുടെ രണ്ടാനമ്മയും ട്രൻ്റ്, വോൾട്ടാസ്, ടാറ്റാ ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ, ടാറ്റാ ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ അധ്യക്ഷയുമായ സിമോണ ടാറ്റായുടെ മകനാണ് നോയൽ ടാറ്റ.
രത്തൻ ടാറ്റായുടെ മരണത്തിന് പിന്നാലെ ചേർന്ന ടാറ്റാ ട്രസ്റ്റീസ് ബോർഡ് യോഗത്തിലാണ് നോയലിനെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്. ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളും ചെയർമാൻ സ്ഥാനത്തേക്ക് നോയലിനെ പിന്തുണച്ചുവെന്നാണ് സൂചന. രണ്ടായിരത്തിലാണ് നോയൽ ടാറ്റാ ഗ്രൂപ്പിൽ ചേരുന്നത് അപ്പോൾ മുതൽ ഗ്രൂപ്പിൽ നിർണായക ചുമതലകൾ വഹിച്ചു വരികയായിരുന്നു.
ടാറ്റാ ഗ്രൂപ്പിൻ്റെ ഉടമകളായ രത്തൻ ടാറ്റാ ട്രസ്റ്റ്, ഡോറാബ്ജി ടാറ്റാ ട്രസ്റ്റ് എന്നിവയുടെ യോഗം നിലവിൽ പുരോഗമിക്കുകയാണ്. ടാറ്റാ സണ്‍സിൻ്റെ അൻപത് ശതമാനം ഉടമസ്ഥാവകാശം ഈ രണ്ട് ട്രസ്റ്റുകൾക്കാണ്. വേണു ശ്രീനിവാസൻ, വിജയ് സിംഗ്, മെഹ്ലി മിസ്ട്രി എന്നിവരാണ് ടാറ്റാ ട്രസ്റ്റിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. രത്തൻ ടാറ്റായുടെ അനിയൻ ജിമ്മി ടാറ്റാ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല. മുംബൈ കൊളാംബയിലെ രണ്ട് മുറി ഫ്ളാറ്റിൽ ഒതുങ്ങി കൂടി ജീവിക്കുകയാണ് അദ്ദേഹം.