കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. തനിക്കെതിരായ ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ കേരള ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടിക്കായി നിയമിച്ച പ്രത്യേക പൊലീസ് അന്വേഷണ സംഘം ഇതിനായി യോഗം ചേരുകയാണ്.
ബലാത്സംഗം അടക്കം ഗുരുതര വകുപ്പുകൾ ചേർത്താണ് നിവിനും മറ്റു അഞ്ച് പേർക്കുമെതിരെ എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. കേസിൽ ഇതിനോടകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രേഖകൾ കൈയിൽ കിട്ടി വിശദമായി പഠിച്ച ശേഷം കോടതിയെ സമീപിക്കാനാണ് നിവിൻ്റെ അഭിഭാഷകൻ്റെ തീരുമാനം.
പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയ നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവും ഹൈക്കോടതിയിൽ ആവശ്യപ്പെടുക. കേസ് നടപടികളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിർന്ന അഭിഭാഷകനെ നിവിൻ ഇതിനോടകം നേരിൽ കണ്ടിട്ടുണ്ട്. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയും നിർമ്മാതാവുമായ എകെ സുനിൽ അറിയിച്ചു.
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി പ്രതികരിച്ചു. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. നിർമാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദുബൈയിലെ ഹോട്ടൽ മുറിയിൽ മൂന്ന് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു.