തിരുവന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഈ മാസം 24-ാം തീയതി വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആൾക്കൂട്ട നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള ചുമതല കോഴിക്കോട് ജില്ലാ കലക്ടർക്കാണ്. മൂന്നു സാമ്പിളുകളാണ് ഇതുവരെ പോസിറ്റീവ് ആയത്. 30ന് മരിച്ചയാളുടെ 9 വയസ്സുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള മോണോക്ലോണൽ ആന്റബോഡി വിമാനമാർഗ്ഗം ഇന്ന് കോഴിക്കോട് എത്തും എന്നാണ് കരുതുന്നത്.
മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്.