യുഎഇയുടെ ദേശീയ കറൻസിയായ ദിർഹത്തിന്റെ പുതിയ ചിഹ്നം സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ( സിബിയുഎഇ) ഇന്ന് പുറത്തിറക്കി. ഡോളറിനും ഇന്ത്യൻ റൂപിക്കും സമാനമായിട്ടാണ് ദിർഹത്തിനും ഇപ്പോൾ പുതിയ ചിഹ്നം വരുന്നത്. യുഎഇ ദേശീയപതാകയെ മാതൃകയാക്കിയാണ് ദിർഹത്തിനുള്ള ചിഹ്നം സൃഷ്ടിച്ചിരിക്കുന്നത്.
യുഎഇ കറൻസിയെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ചിഹ്നമായി ഇനിയിത് മാറും. ഇംഗ്ലീഷ് അക്ഷരമായ ഡിയിൽ രണ്ട് തിരശ്ചീന രേഖകൾ ഉൾപ്പെടുത്തിയാണ് പുതിയ ചിഹ്നം. അഭിമാനവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്നതിന് യുഎഇ പതാകയുടെ നിറങ്ങൾ ചിഹ്നത്തിൽ ഉപയോഗിക്കുന്നു.
1973 മെയ് മാസത്തിലാണ് രാജ്യത്തിൻ്റെ ഔദ്യോഗിക കറൻസിയാ യുഎഇ ദിർഹം അവതരിപ്പിക്കപ്പെട്ടത്. യുഎഇയുടെ വളർച്ചയ്ക്കൊപ്പം ആഗോള സമ്പദ്വ്യവസ്ഥയിലും ലോകബാങ്കിംഗ് രംഗത്തും നിർണായക കറൻസിയായി ദിർഹം മാറി.