സെപ്റ്റംബര്‍ നാലിന് നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാഥിതിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണം. ഓഗസ്റ്റ് 23 നാണ് അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി കത്തയച്ചത്.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണ മേഖലാ കൗൺസിൽ യോഗം കോവളത്തു വച്ച് നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാൻ എത്തുന്ന അമിത്ഷായോട് വള്ളംകളിയിലും ഓണപരിപാടികളിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്.
22 വള്ളങ്ങളാണ് ഇത്തവണ ചുണ്ടൻ വള്ളം വിഭാഗത്തിൽ മാത്രമായി പുന്നമടക്കായലിൽ നടക്കുന്ന മത്സരത്തിൽ അണിനിരക്കുക. നെഹ്റുട്രോഫിക്കൊപ്പം സി.ബി.എല്‍. കൂടി ആരംഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന അച്ചടക്ക നടപടികളായിരിക്കും ഇത്തവണ സ്വീകരിക്കുന്നത്. വള്ളംകളി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം പാലിക്കുന്നതിൽ വീഴ്ച്ചവരുത്തിയാൽ നടപടിയെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.