കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു. 154 പേർക്ക് പരിക്കേറ്റു.ഇതിൽ 14 പേർ ഗുരുതരാവസ്ഥയിലും, നാല് പേർ വെന്റിലേറ്ററിലുമാണ്.മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ ആളുകൾ ചിതറി ഓടി. തിക്കിലും തിരക്കിലും പരുക്കേറ്റവരും നിരവധിയാണ്.ക്ഷേത്ര ഭരണസമിതി അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രം ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വീഴ്ചയാണെന്ന് ജില്ലാ ഭരണകൂടവും പോലീസും പറയുന്നു. വെടിക്കെട്ട് നടത്തുന്നതിനായി യാതൊരു അനുമതിയും സംഘാടകർ തേടിയിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്.