പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു.
ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിൻ്റെ ബന്ധു അനിൽ പി നായർ പറഞ്ഞിരുന്നു.മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് അറിയിച്ചത്. അതിനുമുൻപ് അനുമതി നേടിയിരുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പറയുന്നു.
നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാ മൂലത്തിൽ പറയുന്ന വാദങ്ങളിൽ ദിവ്യയെ കുറ്റപ്പെടുത്തുന്നുണ്ട്. കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്, നവീൻ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ച് തേജോവധം ചെയ്യുകയായിരുന്നു ലക്ഷ്യം. ആ മാനസിക വിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നും പറയുന്നുണ്ട്.