കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് പ്രഖ്യാപിക്കുക. രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കും. 2022ലെ സിനിമകളാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് നാളെ പ്രഖ്യാപിക്കുന്നത്.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ അധ്യക്ഷൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്. 160 സിനിമകളാണ് ആദ്യ ഘട്ടത്തിൽ മത്സരത്തിന് ഉണ്ടായിരുന്നതെങ്കിൽ ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്.
ദേശീയ അവാർഡുകളിൽ മികച്ച നടനായി മത്സരരംഗത്തുള്ളത് മമ്മൂട്ടിയും റിഷബ് ഷെട്ടിയുമാണ് എന്നാണ് സൂചന. നൻപകൽ നേരത്ത് മയക്കം റോഷാക്ക് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അന്തിമപട്ടികയിലേക്ക് എത്തിച്ചത്. ഈ രണ്ട് ചിത്രങ്ങളും നിർമ്മിച്ചത് മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്.
കന്നഡയിൽ നിന്നുള്ള പാൻ ഇന്ത്യൻ ഹിറ്റ് ചിത്രം കാന്താരയിലെ മികച്ച പ്രകടനമാണ് റിഷബ് ഷെട്ടിയേയും അന്തിമപട്ടികയിലേക്ക് എത്തിച്ചത്. ചിത്രത്തിൻ്റെ സംവിധായകനും റിഷബാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലേക്ക് വന്നാൽ കണ്ണൂർ സ്ക്വാഡും- കാതലും ആണ് മമ്മൂട്ടിയെ മികച്ച നടനുള്ള പട്ടികയിലേക്ക് എത്തിക്കുന്നത്. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും മികച്ച നടനായി പരിഗണനയിലുണ്ടെന്നാണ് സൂചന.
മികച്ച ചിത്രത്തിനായും ആടുജീവിതം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. മികച്ച നടിക്കായി ഉർവശിയും പാർവ്വതി തിരുവോത്തും തമ്മിലാണ് മത്സരം.