ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോടീശ്വര വ്യവസായിയായ ഇലോൺ മസ്കും തമ്മിലെ കൂടിക്കാഴ്ച ഇന്ന് നടക്കും. ട്വിറ്റർ മേധാവിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ നേരിൽ കാണുന്നത്. 2015 ലെ യു.എസ് പര്യടനത്തിനിടെ മോദി കാലിഫോർണിയയിലെ ടെസ്ല ഫാക്ടറി സന്ദർശിച്ചിരുന്നു. അന്ന് പക്ഷെ ഇലോൺ മസ്ക് ട്വിറ്റർ മേധാവിയായിരുന്നില്ല.
ഇന്ത്യയിൽ ടെസ്ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിയും മസ്കും തമ്മിലുള്ള കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ വിപണിയിൽ തനിക്ക് താല്പര്യമുണ്ടെന്നും ഇന്ത്യയിൽ ടെസ്ല ഫാക്ടറി തുടങ്ങാനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാവേണ്ടതുണ്ടെന്നും മസ്ക് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യൂമെന്ററി ട്വിറ്ററിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വിശദീകരണമായി മസ്ക് രംഗത്ത് വരികയും ചെയ്തിരുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോവെർസ് ആയിട്ടുള്ള വ്യക്തി കൂടിയാണ് ഇലോൺ മസ്ക്. എന്നാൽ മസ്ക് പിന്തുടരുന്ന ചുരുക്കം ചില വ്യക്തികളിലൊരാളാണ് നരേന്ദ്ര മോദി.
ന്യൂയോർക് സന്ദർശനത്തിനിടെ നരേന്ദ്രമോദി വിവിധ നേതാക്കളെയും നൊബേൽ ജേതാക്കളെയും സാമ്പത്തിക വിദഗ്ധരെയുമുൾപ്പടെ കാണുമെന്നാണ് സർക്കാർ ഇതിവൃത്തങ്ങള്ന അറിയിക്കുന്നത്.