പ്രായം തളർത്താത്ത വീര്യമാണ് നാരായണിയമ്മയുടേത്. 15ാം വയസ്സിൽ വിടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുക്കാൻ തുടങ്ങിയതാണവർ. 50 വർഷമായി മുടങ്ങാതെ ആ ജോലി ചെയ്തുകൊണ്ടേയിരിക്കുകയാണ് ഈ 65 കാരിയായ കെ വി നാരായണിയമ്മ.
പത്താംക്ലാസ്സ് വിദ്യാഭ്യാസം മാത്രമേയുള്ളു നാരായണിയമ്മയ്ക്ക്. 1971 ൽ നീലേശ്വരത്തെ രാജാസ് സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ് എസ് എൽ സി ക്കാരി. കോരിച്ചൊരിയുന്ന മഴയോ ചുട്ടുപൊള്ളുന്ന വെയിലോ നാരായണിയമ്മയെ തളർത്താറില്ല. ദിവസവും അഞ്ചു മണിക്ക് കയ്യിൽ ഒരു ടോർച്ചും തോളിൽ ഒരു ബാഗുമായി നാരായണിയമ്മ വീട്ടിൽ നിന്നിറങ്ങും. 25 കിലോമീറ്ററുകളോളം ദൂരം കാലിൽ ചെരുപ്പിടാതെയുള്ള നടത്തം. മണിയാട്ടിലെ നാലിലും അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികൾ നാരായണിയമ്മയുടെ വരവും കാത്ത് പുസ്തകം തുറന്ന് വച്ചിട്ടുണ്ടാവും. ഒൻപതരയോടെ പഠിപ്പിക്കൽ കഴിഞ്ഞ് നാരായണിയമ്മ മടങ്ങും, കുട്ടികൾ സ്കൂളുകളിലേക്കും.
വീണ്ടും നടത്തം തുടങ്ങും. അടുത്തുള്ള അങ്കണവാടിയിലും ചെറുവത്തൂരിലെ ടെക്നിക്കൽ സ്കൂളിലും നാരായണിയമ്മയെ അറിയാത്ത അധ്യാപകർ ഉണ്ടാവില്ല. കുശലാന്വേഷണം കഴിഞ്ഞ് അവിടെ നിന്നും നേരെ ഹോട്ടലിലേക്ക്. ഭക്ഷണം പാർസൽ വാങ്ങി പിന്നെ വീട്ടിലേക്ക് വീണ്ടും നടത്തം. ഭർത്താവ് എം കെ ദാമോദരൻ കുറച്ച് വർഷങ്ങളായി കിടപ്പു രോഗിയാണ്. മൂന്ന് മണിയാവുമ്പോൾ ചൊവ്വലിലേക്ക്, അവിടെ ഒരുപാട് കുട്ടികൾ ടീച്ചറെ കാത്തിരിക്കുന്നുണ്ടാവും. രാത്രി എട്ട് മണിവരെ അവിടുത്തെ ട്യൂഷൻ നീളും.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അപസ്മാരം പിടിപ്പെട്ട് പഠനം നിർത്തേണ്ടി വന്നതാണ് നാരായണിയമ്മയ്ക്ക്. പിന്നീട് 15 മത്തെ വയസ്സിൽ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമക്കേണ്ടി വന്നു, ട്യൂഷൻ ടീച്ചറായി. ഒരു ദിവസം 50 കിലോമീറ്ററുകളിൽ കൂടുതൽ വീടുകളിലേക്ക് നടന്നു ചെന്ന് ട്യൂഷൻ എടുത്തിരുന്നു. അങ്ങനെയാണ് അന്ന് ആറാം ക്ലാസുകാരിയായിരുന്ന സിനിമാ താരം കാവ്യാ മാധവനെയും നാരായണിയമ്മ പഠിപ്പിക്കുന്നത്.
പഠിപ്പിച്ചവരെല്ലാം ഇന്ന് ഉദ്യോഗസ്ഥരായി വിരമിച്ചെങ്കിലും നാരായണിയമ്മ ട്യൂഷൻ ടീച്ചറായി തന്നെ തുടരുന്നു. ഗണിതവും ഇംഗ്ലീഷും ഇഷ്ടവിഷയമാണെങ്കിലും ഹിന്ദി കൂടി പഠിച്ചെടുത്ത് കുട്ടികളെയും പഠിപ്പിക്കാൻ തുടങ്ങി. നിരന്തരം മാറുന്ന സിലബസുകൾ നാരായണിയമ്മയുടെ ട്യൂഷനെ ബാധിക്കാറില്ല, കാരണം നാരായണിയമ്മയും അതിനൊത്ത് മാറും, പുതിയ സിലബസ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും.
പ്രായാധിക്യം ചെറിയ രീതിയിൽ അവശതകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും തോറ്റുകൊടുക്കാൻ അവർ തയ്യാറല്ല. “തളർന്നു വീഴും വരെ, താങ്ങി നിൽക്കും വരെ പഠിപ്പിക്കൽ തുടരും. ജീവിതം തുടങ്ങിയത് ഇവിടെ നിന്നാണ്. ജീവിതാവസാനം വരെയും ട്യൂഷൻ ജോലി തുടർന്നുകൊണ്ടേയിരിക്കും” നാരായണിയമ്മ പറഞ്ഞു.